IndiaLatest

യമുന എക്‌സ്പ്രസ് വേയ്‌ക്ക് വാജ്‌പേയിയുടെ പേര്

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേയ്‌ക്ക് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേര് നല്‍കിയേക്കും. ഗൗതം ബുധനഗര്‍ ജില്ലയിലെ ജെവാറില്‍ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്‌ട്രീയനേതാക്കളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എക്‌സ്പ്രസ് വേയുടെ പേര് മാറ്റാനൊരുങ്ങുന്നതെന്ന് ബിജെപി വക്താക്കള്‍ പറഞ്ഞു. ഭാവി തലമുറയും അടല്‍ ബിഹാരി വാജ്‌പേയിയെ പോലെയുള്ള പ്രധാന നേതാക്കളെ എല്ലാക്കാലത്തും ആദരവോടെ ഓര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സ്പ്രസ് വേയുടെ ചുറ്റുമുള്ള പ്രദേശങ്ങളിലും വലിയ വികസന പദ്ധതികള്‍ക്കാണ് യോഗി സര്‍ക്കാര്‍ രൂപം കൊടുക്കുന്നത്. എക്സ്പ്രസ് വേയുടെ അടുത്തായി ഫിലിം സിറ്റി സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള ലേലം നടപടികള്‍ ഇന്ന് ആരംഭിക്കും. 10,000 കോടി രൂപ ചെലവിലാണ് ഇവിടെ ഫിലിം സിറ്റി ഒരുങ്ങുന്നത്. 1000 ഏക്കര്‍ സ്ഥലമാണ് ഫിലിം സിറ്റിക്കായി അനുവദിച്ചിരിക്കുന്നത്. 740 ഏക്കര്‍ സിനിമാ ചിത്രീകരണത്തിനും 40 ഏക്കര്‍ ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമായി നീക്കി വയ്‌ക്കും. 2024 മുതല്‍ ഇവിടെ സിനിമാ ചിത്രീകരണം ആരംഭിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി തുടങ്ങുന്നത്. 120 ഏക്കറിലുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും ഫിലിം സിറ്റിയുടെ പ്രത്യേകതയായിരിക്കും. ഫിലിം ഇന്‍സ്റ്റിറ്യൂട്ടുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, താമസ സ്ഥലങ്ങള്‍ തുടങ്ങിയവയും ഇതിനുള്ളിലുണ്ടാകും. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റിയായി ഇത് മാറും.

Related Articles

Back to top button