KeralaLatest

മഴയെത്തും മുന്‍പ് ഡാമുകള്‍ നിറഞ്ഞു. ഒപ്പം ആശങ്കയും

“Manju”

 

നന്ദകുമാർ വി ബി

കേരളത്തില്‍ മഴശക്തമാകുന്നത് മണ്‍സൂണ്‍കാലത്താണ്. കഴിഞ്ഞ രണ്ട് മണ്‍സൂണും പ്രളയമായാണ് പെയ്തിറങ്ങിയത്. ഇത്തവണയും തനിയാവര്‍ത്തം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കോവിഡ് ആശങ്കകള്‍ക്ക് മീതെ മറ്റൊരു ആശങ്കകൂടി ഈ കൊച്ചു കേരളത്തിന് താങ്ങാനാകുമോ എന്നതാണ് മറ്റൊരുകാര്യം. മണ്‍സൂണിന് മുന്നോടിയായുള്ള വേനല്‍മഴ കനക്കുകയാണ് വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുമുണ്ട്. വിവിധ ജില്ലകള്‍ക്ക് മഞ്ഞജാഗ്രത നല്‍കിയിട്ടുമുണ്ട്. 13-ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് മഞ്ഞജാഗ്രത. 14-ന് മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും. 14 വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റും. അതിനാല്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. വേനല്‍ മഴ നന്നായി ലഭിച്ചതാണ് ഇതിന് കാരണം.
ഇടുക്കി ഡാമില്‍ മാത്രം 43 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മൂലമറ്റം പവര്‍ഹൗസില്‍ എട്ട് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ഇത് തുടര്‍ന്നാല്‍ മെയ് അവസാനം ഇടുക്കിയില്‍ 35 ശതമാനം വെള്ളം ശേഷിക്കും. 2018 മെയ് 31-ന് ഇടുക്കിയില്‍ 25 ശതമാനം വെള്ളമുണ്ടായിരുന്നുവെന്നും ഇത് ജൂലായില്‍ 95 ശതമാനമായി ഉയര്‍ന്നുവെന്നും വിദഗ്ദ്ധര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. അതായത് മണ്‍സൂണ്‍ തിമിര്‍ത്ത് പെയ്താല്‍ ഇടുക്കി ഡാം നിറയും. വീണ്ടും തുറക്കേണ്ട സാഹചര്യവും ഉണ്ടാകും. അങ്ങനെ വന്നാല്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അത് ഭീഷണിയായി മാറും.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 അടി കൂടുതല്‍ ജലമാണുള്ളത്. ഇന്നലത്തെ ജലനിരപ്പ് 2347.30 അടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2330.42 അടിയായിരുന്നു. സംഭരണ ശേഷിയുടെ 58.76 ശതമാനം വെള്ളമാണു നിലവിലുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കൂടുതല്‍ മഴ ലഭിക്കുകയും 2018 ല്‍ അണക്കെട്ട് തുറന്നുവിടുകയും ചെയ്തിരുന്നു.

ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒറ്റപ്പെട്ട വേനല്‍ മഴ ലഭിക്കുകയും കോവിഡ് 19 മൂലം ഉപയോഗം കുറയുകയും ചെയ്തതാണ് അണക്കെട്ടില്‍ വെള്ളം ഉയരാന്‍ കാരണം. നിലവില്‍ വൈദ്യുതി ഉപയോഗം പകുതിയില്‍ താഴെയാണ്. വ്യാപാരശാലകള്‍ ഒന്നര മുതല്‍ രണ്ട് മാസം വരെ അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോള്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറക്കാന്‍ അനുവാദമുള്ളൂ.

കൊറോണ പ്രതിസന്ധികള്‍ക്കിടെ കാലവര്‍ഷത്തെ വേനല്‍കാലത്ത് കാര്യമായി കേരളം എടുത്തിട്ടില്ല. കനത്ത ചൂടില്‍ വറ്റി വരണ്ട് കിടന്ന ഡാമുകള്‍ പതിവിലും കൂടുതല്‍ നിറഞ്ഞത് വരാനിരിക്കുന്ന പ്രളയത്തിന്റെ സൂചനയാണ്. കാലവര്‍ഷമടുക്കുന്നതും വേനല്‍മഴ ശക്തമായതും സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഇത് പ്രതിസന്ധിയായി മാറുകയും ചെയ്യും. അതിനിടെ ഇടുക്കിയുള്‍‍പ്പടെയുള്ള അണക്കെട്ടുകളില്‍ അടിയന്തരമായി ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിസംഘടനകളും വിദഗ്ധരും സര്‍ക്കാരിനെ സമീപിച്ചു.

പ്രളയസാധ്യത മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും കേരളത്തിലേക്ക് തുറക്കുന്ന തമിഴ്നാട് ഡാമുകളിലും ജലനിരപ്പ് താഴത്താന്‍ സര്‍ക്കാര്‍തല ഇടപെടലുകള്‍ വേണമെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ കേരളത്തിലെ പ്രളയങ്ങളില്‍ നിര്‍ണ്ണായകമായിരുന്നു. തമിഴ്നാടിന്റെ കൈവശമുള്ളതും കേരളത്തിലേക്ക് തുറക്കുന്നതുമായ മുല്ലപ്പെരിയാര്‍, പറബിക്കുളം, അപ്പര്‍ഷോളയാര്‍ തുടങ്ങിയ ഡാമുകളിലെ ജലനിരപ്പ് താഴ്ത്തുന്നതിന് ഉടന്‍ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം. തമിഴ്നാട് വഴങ്ങുന്നില്ലെങ്കില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കണണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന് മുമ്പിലുണ്ട്.

ചെറിയ അണക്കെട്ടുകളില്‍നിന്നുള്ള ഉല്‍പ്പാദനം നിര്‍ത്തിവച്ച ശേഷം ഇടുക്കി അണക്കെട്ടില്‍നിന്ന് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി യുടെ തീരുമാനം. നിലവിലെ സ്ഥിതി തുടരുകയും ജൂണില്‍ തന്നെ കാലവര്‍ഷം ആരംഭിക്കുകയും ചെയ്താല്‍ ജൂലൈയിലോ ഓഗസ്റ്റിലോ അണക്കെട്ട് തുറന്നു വിടേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതു മുന്നില്‍ കണ്ട് അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ചെയ്യേണ്ട മുന്‍കരുതലുകളെല്ലാം കെ.എസ്.ഇ.ബി. നടത്തിക്കഴിഞ്ഞു.

Related Articles

Back to top button