IndiaKeralaLatest

അധികാരം ഒഴിയുന്നത്‌ ട്രഷറിയില്‍ 5000 കോടി മിച്ചംവച്ച്‌: ഐസക്ക്‌

“Manju”

തിരുവനന്തപുരം: സാമ്പത്തികവര്‍ഷത്തിന്റെ അവസാന 10 ദിവസം സംസ്‌ഥാന ട്രഷറി വിതരണം ചെയ്‌തത്‌ 23,202 കോടി രൂപ. ഇതു റെക്കോഡാണെന്ന്‌ ധനമന്ത്രി ഡോ: ടി.എം. തോമസ്‌ ഐസക്ക്‌. 3,75,171 ബില്ലുകളാണ്‌ ഇക്കാലയളവില്‍ ട്രഷറിയില്‍ സമര്‍പ്പിച്ചത്‌. ഇതിലെല്ലാംകൂടി മാറിയത്  23202 കോടി രൂപയാണ്‌ .
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ മൂന്നിരട്ടി തുക ട്രഷറിയില്‍നിന്നു മാറിക്കൊടുത്തെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. അവസാന മൂന്നുദിവസം മാത്രം അയ്യായിരം കോടി രൂപയാണ്‌ വിതരണം ചെയ്‌തതെന്നും മന്ത്രി വ്യക്‌തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌ കാലിയായ ഖജനാവുമായാണെങ്കില്‍ അധികാരം വിട്ടൊഴിയുന്നത്‌ കുറഞ്ഞത്‌ അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണെന്നും മന്ത്രി അവകാശപ്പെട്ടു. കോവിഡ്‌ വെല്ലുവിളിയും മറികടന്ന്‌ നല്‍കേണ്ട തുകയെല്ലാം നല്‍കിയശേഷമാണ്‌ അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കിയിരിക്കുന്നത്‌. ഈ വര്‍ഷം കടമായി എടുക്കാമായിരുന്ന രണ്ടായിരം കോടി അടുത്ത വര്‍ഷത്തേക്ക്‌ മാറ്റിവെച്ചതുള്‍പ്പെടെയാണിത്‌. ഇത്‌ അടുത്ത സാമ്ബത്തിക വര്‍ഷത്തെ ധന മാനേജ്‌മെന്റ്‌ സുഗമമാക്കുമെന്നും മന്ത്രി ഐസക്ക്‌ വ്യക്‌തമാക്കി.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും തദ്ദേശ സ്‌ഥാപന പദ്ധതി 80 ശതമാനം എത്തിക്കാനായെന്നും മന്ത്രി അവകാശപ്പെട്ടു. പകുതിയിലേറെ തദ്ദേശ സ്‌ഥാപനങ്ങളുടെ ചെലവ്‌ നൂറു ശതമാനത്തിലേറെയുമാണ്‌. ഇതില്‍ ഭൂരിഭാഗത്തിന്റെയും ബില്ലുകള്‍ അധികമായി തുക അനുവദിച്ച്‌ നല്‍കിയിട്ടുമുണ്ട്‌. അവസാന ദിവസങ്ങളില്‍ സമര്‍പ്പിക്കുകയും അവ മാറിക്കൊടുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്‌ത ചില തദ്ദേശ സ്‌ഥാപനങ്ങളുടെ ബില്ലുകള്‍ സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ നല്‍കും. എന്നാല്‍ അവസാന ദിവസം ട്രഷറി കമ്ബ്യൂട്ടര്‍ ശൃഖലയിലെ തിരക്ക്‌ കാരണം ചില ഇടപാടുകാര്‍ക്ക്‌ ബുദ്ധിമുട്ടുമുണ്ടായി. അത്തരക്കാര്‍ക്കുള്ള തുകകള്‍ ഈ മാസം ശമ്പള വിതരണത്തിന്‌ ശേഷമായരിക്കും നല്‍കുക.
ഇന്നുമുതല്‍ പരിഷ്‌കരിച്ച ശമ്പളവും പെന്‍ഷനും നല്‍കിത്തുടങ്ങും. ദുഃഖവെള്ളിയുടെയും ഈസ്‌റ്ററിന്റെയും അവധി പോലും മാറ്റിവച്ചാണ്‌ ശമ്പളവിതരണം. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ഇവ വിതരണം ചെയ്യാനുള്ള നടപടികളാണ്‌ സ്വീകരിക്കുന്നത്‌. ട്രഷറി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആദ്യ ദിവസങ്ങളില്‍ ബാങ്ക്‌ അവധിയായത്‌ പരിഗണിച്ച്‌ പെന്‍ഷന്‍കാര്‍ക്ക്‌ വിതരണം നടത്താനുള്ള തുക സൂക്ഷിക്കുന്നതിനായി ട്രഷറികള്‍ക്കു ഉത്തരവ്‌ നല്‍കിക്കഴിഞ്ഞു. ശമ്പള പെന്‍ഷന്‍ വിതരണം മൂന്നു ദിവസത്തിനുള്ളില്‍ പൂത്തിയാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Related Articles

Back to top button