IndiaLatest

പരാതിയുമായി എല്‍.കെ.ജി കുട്ടികള്‍ സ്റ്റേഷനില്‍

“Manju”

ഹൈദരാബാദ്: സാറേ, അവനെന്റെ പെന്‍സിലെടുത്തു, പരാതിയുമായി പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി. ആന്ധ്രപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ക്ലാസിലെ ഒരു കുട്ടി തന്റെ പെന്‍സില്‍ എടുത്തെന്നും അത് തിരിച്ച്‌ തരുന്നില്ലെന്നുമുള്ള പരാതിയുമായെത്തിയ എല്‍.കെ.ജി കുട്ടികളെ കണ്ട് പൊലീസുകാര്‍ ആദ്യം അമ്പരന്നു.

തന്റെ പെന്‍സിലെടുത്ത സഹപാഠിയോട് അത് തിരികെ തരാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ അവന്‍ തന്നില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പെന്‍സില്‍ കിട്ടാതായതോടെ കൂട്ടുകാരെയും കൂട്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. ഒടുവില്‍ പൊലീസ് പരാതിക്കാരനെയും സഹപാഠിയെയും തമ്മിലിരുത്തി സംസാരിച്ച്‌ പ്രശ്നത്തിന് പരിഹാരം കണ്ടു. ഒടുവില്‍ ഇരുവരെയും കൊണ്ട് പരസ്പരം കൈ കൊടുപ്പിച്ചാണ് തിരിച്ചയച്ചത്.

കുരുന്നുകളുടെ പരാതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ആന്ധ്രാപ്രദേശ് പൊലീസ് ട്വിറ്ററില്‍ പങ്കുവച്ചത് വൈറലായി. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും നീതിക്കായി സ്റ്റേഷനിലെത്തുന്നതിന് പിന്നില്‍ ആന്ധ്രപ്രദേശ് പൊലീസിനോടുള്ള വിശ്വാസമാണെന്ന അടിക്കുറുപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.
ഭയപ്പെടാതെ, നീതി ലഭിക്കുമെന്ന ധൈര്യത്തോടെ കുഞ്ഞു കുട്ടികളടക്കം എല്ലാവരും എത്താന്‍ കഴിയുന്ന തരത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ മാറിയെന്നും ഇത് ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറാനും സേവനം നല്‍കുന്നതിനും പ്രചോദനമാണെന്നും ആന്ധ്രാ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button