KeralaKozhikodeLatest

സിക വൈറസ്: കോഴിക്കോട് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

“Manju”

കോഴിക്കോട്: ജില്ലയില്‍ സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. സംസ്ഥാനത്തിനു പുറത്ത് നിന്നും രോഗലക്ഷണങ്ങളുമായി എത്തിയ സ്ത്രീയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കുന്നതിനിടയില്‍ നവംബര്‍ 16 ന് അയച്ച രക്തസാംപിളിലാണ് സിക രോഗബാധ കാണുന്നത്. പിന്നീട് ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലവും പോസിറ്റീവായി. ഈ സ്ത്രീക്ക് ഇതിനകം അസുഖം ഭേദമാകുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ മറ്റ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് 652 വീടുകളില്‍ സര്‍വെ നടത്തുകയും പ്രദേശത്തെ കൊതുകിന്റെ സാന്ദ്രതയെ കുറിച്ച്‌ പഠനം നടത്തി കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സോണല്‍ എന്റമോളജി യൂണിറ്റും ജില്ലാ പ്രാണി നിയന്ത്രണ യൂണിറ്റും നടത്തിയ പഠനത്തില്‍ ഈഡിസ് ആല്‍ബൊ പിക്റ്റസ് വര്‍ഗത്തില്‍ കൊതുകുകളെയാണ് ഈ പ്രദേശത്ത് കണ്ടെത്താനായത്. പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ രണ്ട് തവണ ഫോംഗിംഗ് നടത്തുകയും കൊതുകുകകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് തുടര്‍ച്ചയായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ഈഡിസ് വര്‍ഗത്തില്‍ പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ വളരുന്ന ഇവ പകല്‍സമയത്താണ് കടിക്കുന്നത്. പനി, തടിപ്പുകള്‍, തലവേദന , സന്ധിവേദന, കണ്ണില്‍ ചുവപ്പ് തുടങ്ങിവയാണ് സികയുടെ ലക്ഷണങ്ങള്‍ . ഗര്‍ഭിണികളില്‍ രോഗം ബാധിച്ചാല്‍ കുഞ്ഞിന് മൈക്രോ സെഫാലി ( തല ചെറുതാകുന്ന അവസ്ഥ ) യും മറ്റു അംഗവൈകല്യങ്ങളും ഉണ്ടായേക്കാം. ഗര്‍ഭഛിദ്രത്തിനും സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം.

കൊതുക് കടിയേല്‍ക്കാതിരിക്കാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് സിക വരാതിരിക്കാന്‍ ചെയ്യേണ്ടത്. കൊതുകു തിരികള്‍, ലേപനങ്ങള്‍, കൊതുകുവലകള്‍ എന്നിവ ഉപയോഗിക്കാം. പരിസര ശുചിത്വം പാലിക്കുകയും കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങളായ ചിരട്ടകള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ ട്രേ, പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍ , വെള്ളം കെട്ടി കിടക്കുന്ന മറ്റു ഉറവിടങ്ങള്‍ എന്നിവ വീട്ടില്‍ നിന്നും ചുറ്റുപാടില്‍ നിന്നും നീക്കം ചെയ്യണം. ആഴ്ച യിലൊരിക്കല്‍ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണം. കൊതുകുനിവാരണത്തിനായി പൊതുജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button