Latest

ക്രിപ്‌റ്റോകറന്‍സിയുടെ സവിശേഷതകള്‍

“Manju”

ക്രിപ്‌റ്റോകറന്‍സികളുടെ കാലമാണിത്. എങ്ങനെയാണു നല്ല ക്രിപ്‌റ്റോകറന്‍സി നിങ്ങള്‍ തിരിച്ചറിയുക? നിലവില്‍ 6000 വ്യത്യസ്ത തരം ക്രിപ്‌റ്റോകറന്‍സികള്‍ പ്രചാരത്തിലുണ്ട്.ക്രിപ്റ്റോ കറന്‍സികള്‍ പരിശോധിക്കുകയാണെങ്കില്‍ ഇവയില്‍ ആദ്യം തരംഗമായ കറന്‍സിയായിരുന്നു ബിറ്റ്കോയിന്‍. അതിനുശേഷം എഥേറിയം, കാര്‍ഡാനം, റൈപ്പിള്‍, ഡോജ്കോയിന്‍ തുടങ്ങി നിരവധി കോയിനുകള്‍ എത്തിയിരുന്നു. എന്താണ് ക്രിപ്റ്റോ കറന്‍സി എന്നറിഞ്ഞാല്‍ അവയുടെ തിരഞ്ഞെടുപ്പ് എളുപ്പമാകും. ക്രിപ്റ്റോ കറന്‍സി ഡിജിറ്റല്‍ കറന്‍സിയാണ്, അവയെ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല പക്ഷെ അവയ്ക്ക് മൂല്യമുണ്ട്. ക്രിപ്റ്റോ കറന്‍സിക്ക് ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇല്ല. എന്നാല്‍ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയാണ് ഇവ പിന്തുടരുന്നത്. മാത്രമല്ല മറ്റേതൊരു നിക്ഷേപത്തെയും പോലെ ക്രിപ്റ്റോ കറന്സിയെയെയും ദീര്‍ഘകാല നിക്ഷേപത്തിന് ഉപയോഗിക്കാം. ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും മികച്ച കറന്‍സി കണ്ടെത്തുക എന്നത് ഒരു വലിയ കടമ്പയാണ്. അതിനു ആദ്യം നല്ല ക്രിപ്‌റ്റോകറന്‍സിയുടെ സവിശേഷതകള്‍ അല്ലെങ്കില്‍ നല്ലതിനെ ചീത്തയില്‍ നിന്ന് വേര്‍തിരിക്കുന്ന ചില ഗുണങ്ങള്‍ അറിഞ്ഞിരിക്കണം. ക്രിപ്‌റ്റോകറന്‍സികള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും മികച്ച ഏഴ് സവിശേഷതകള്‍ ഇതാ..

സുരക്ഷ
ക്രിപ്‌റ്റോകറന്‍സി തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷ കണക്കിലെടുക്കേണ്ടത് അതി പ്രധാനമാണ്. മികച്ച ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ സുരക്ഷ ഉണ്ടായിരിക്കും. അതായത് ഹാക്ക് ചെയ്യപ്പെടുന്നതില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള സുരക്ഷാ സവിശേഷതകള്‍ അതില്‍ നിര്‍മ്മിച്ചിട്ടുണ്ടാകും. രണ്ട് ഘട്ടമായിട്ടുള്ള വെരിഫിക്കേഷനും പാസ്സ്‌വേര്‍ഡ് പരിരക്ഷയ്ക്കും പുറമെ ആയിരിക്കും ഈ സവിശേഷതകള്‍ ലഭ്യമാകുക.

സ്ഥിരത
ക്രിപ്റ്റോ കറന്‍സിയുടെ വിപണി സ്റ്റോക്ക് മാര്‍ക്കറ്റ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഉയര്‍ച്ച താഴ്ചകള്‍ സംഭവിച്ചേക്കാം. ക്രിപ്റ്റോ മാര്‍ക്കറ്റ് അസ്ഥിരമാണ്. അതുകൊണ്ടാണ് ഉയര്‍ച്ച താഴ്ചകള്‍ പെട്ടെന്ന് ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ഇതില്‍ കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ കാണാം. ഇന്ത്യന്‍ വിപണിയിലടക്കം നിലവില്‍ ക്രിപ്‌റ്റോകറന്‍സി നിയന്ത്രങ്ങള്‍ നേരിടുകയാണ്. രാജ്യങ്ങളും ഓര്‍ഗനൈസേഷനുകളും ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കാന്‍ തീരുമാനിക്കുകയും അതിലൂടെ വളര്‍ച്ച നേടാനും കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ക്രിപ്‌റ്റോകറന്‍സിക്ക് സ്ഥിരതയുള്ളൂ. ഈഥര്‍, ബിറ്റ്‌കോയിന്‍ തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികള്‍ സ്ഥിരതയുള്ളതല്ല എന്നല്ല ഇതിനര്‍ത്ഥം. ഈ കറന്‍സിയില്‍ നടത്തുന്ന ഇടപാടുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ അവ കൂടുതല്‍ സ്ഥിരത കൈവരിച്ച്‌ നിലനില്‍ക്കുന്നു. ഇത്തരത്തിലുള്ള മാതൃക പിന്തുടരുന്ന ക്രിപ്‌റ്റോകറന്‍സികള്‍ തിരഞ്ഞെടുക്കുന്നത് മികച്ച തീരുമാനമാണ്.

ഉപയോഗം
ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ സാധാരണ കറന്‍സി ഉപയോഗിക്കുന്നത് പോലെ സേവനകള്‍ക്കായും ചരക്കുകള്‍ വാങ്ങുന്നതിനായും ക്രിപ്‌റ്റോകറന്‍സി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ക്രിപ്‌റ്റോകറന്‍സികളുടെ ഒരു പ്രധാന വശം. ക്രിപ്‌റ്റോകള്‍ വാങ്ങുമ്പോള്‍ പലരും ചിന്തിക്കാത്ത ഒരു വശമാണിത്. ഭാവിയില്‍ ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച സേവനങ്ങളടക്കം ലഭ്യമാക്കാന്‍ സാധിക്കുക എന്നത് പ്രതീക്ഷയുളവാക്കുന്ന കാര്യം തന്നെയാണ്. നിലവില്‍ ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന കമ്ബനികളോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോ ഇന്ത്യയില്‍ ഇല്ല. എന്നാല്‍ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളില്‍ ടോക്കണുകള്‍ വാങ്ങാന്‍ അവ ഉപയോഗിക്കാം. ഭാവിയില്‍ ക്രിപ്റ്റോ കറന്‍സികള്‍ മറ്റു ഇടപാടുകള്‍ക്കും ലഭ്യമാകും എന്നാണ് വിപണിയിലെ പ്രതീക്ഷകള്‍. സര്‍ക്കാരുകള്‍ ക്രിപ്റ്റോകറന്‍സികളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കുകയും തടസ്സമില്ലാത്ത ഇടപാടുകള്‍ കൂടുതല്‍ അനുവദിക്കുകയും ചെയ്താല്‍ പണത്തിനു പകരം ക്രിപ്റ്റോകറന്‍സികള്‍ വിപണിയിലെത്തും എന്നാണ് വിദഗ്ദര്‍ പറയുന്നത്.

Related Articles

Back to top button