KeralaLatest

കൊച്ചി മെട്രോ ഒരു യാത്രക്കാരന്റെ കുറിപ്പ്

“Manju”

കേരളത്തില്‍ മെട്രോയാത്ര തുടങ്ങിയത് കൊച്ചി മെട്രോ വന്നതോടെയാണ്. ഇതുവരെ മലയാളികള്‍ക്ക് അനുഭവിക്കാനാവാത്ത ഒരു യാത്രാ സംസ്‌കാരത്തിനും കൂടിയാണ് കൊച്ചി മെട്രോ തുടക്കമിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 28 ന് ഒരു സംഭവമുണ്ടായി.
കൊച്ചി മെട്രോയില്‍ ഒരു യാത്ര.. അന്ന് കല്ലുമോള്‍ടെ ബര്‍ത്ഡേ ആയിരുന്നു .. ഓള് വിളിച്ചോണ്ട് പോയതാ, ജീവിതത്തിലെ ആദ്യത്തെ മെട്രോ റെയില്‍ യാത്രക്ക് ആലുവ മുതല്‍ ഇടപ്പള്ളി ലുലു സ്റ്റേഷന്‍ വരെ..
മെട്രോയില്‍ യാത്ര ചെയ്ത എല്ലാവരും പറയും ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു യാത്രാനുഭവം സമ്മാനിക്കും എന്ന്. ഞാനും തീര്‍ച്ചയായും അത് തന്നെ പറയുന്നു .. തീര്‍ത്തും അവിസ്മരണീയം..! പക്ഷേ ആ യാത്രക്കുമപ്പുറം മറ്റു ചില കാര്യങ്ങള്‍ക്ക് കൂടി ഈ എഴുത്തില്‍ പ്രാധാന്യം നല്‍കേണ്ടതായുണ്ട്.
മുന്‍പ് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളെന്ന നിലയിലും ഇപ്പോള്‍ വീല്‍ചെയറില്‍ ഇരിക്കുന്ന ആളെന്ന നിലയിലും യാത്രകള്‍ എന്നും പ്ലാന്‍ ചെയ്യുമ്ബോള്‍ എപ്പോഴും ഒരു പാട് ആകുലതകളായിരുന്നു മനസ്സില്‍. വാഹനങ്ങളിലേക്കുള്ള കയറ്റവും ഇറക്കവും അതുപോലെ ഓരോ കെട്ടിടങ്ങളിലേക്കുള്ള പടിക്കെട്ടുകള്‍ കയറേണ്ടി വരുന്നത് ഓരോ സ്ഥലങ്ങളിലും ഒന്നോ അതില്‍ കൂടുതലോ ആളുകളുടെ സഹായം വേണ്ടിവരുന്നത് ഒക്കെ വിഷമിപ്പിച്ചിരുന്നു. യാത്രകള്‍ അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കി ഇരുന്നു. ആ ചിന്തകളെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്നതാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണ ഘടനയും അവിടുത്തെ സ്റ്റാഫ്കളുടെ നമ്മളോടുള്ള സമീപനവും.
അന്ന് , Nov, 28 ന് Metro ആലുവ സ്റ്റേഷന് മുന്നില്‍ ഞങ്ങളുടെ വാഹനത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ വീല്‍ചെയറില്‍ വരുന്ന ആളെന്ന നിലയില്‍ മെട്രോയുടെ ഒരു സ്റ്റാഫ് ഞങ്ങള്‍ക്കരികിലേക്ക് വരുന്നു. മെട്രോ യാത്രയ്ക്ക് വന്നതാണ് എന്ന വിവരം ഞങ്ങള്‍ കൈമാറിയ ഉടന്‍ ആ സ്റ്റാഫ് ഞങ്ങള്‍ക്കൊപ്പം കൂടുകയായിരുന്നു. ഞങ്ങള്‍ ഇങ്ങനെ വീല്‍ ചെയറില്‍ എത്തുന്നു എന്നൊന്നും ആലുവ മെട്രോ സ്റ്റേഷനില്‍ അറിയിച്ചിട്ട് വന്ന സ്റ്റാഫ് അല്ല .. ഒരാള്‍ വീല്‍ചെയറില്‍ യാത്രക്ക് എത്തുമ്ബോള്‍ തന്നെ അവരുടെ ഡ്യൂട്ടി ഈ രീതിയില്‍ തുടങ്ങുകയായി.
എന്‍്റെ കൂടെ 3 പേര്‍ ഉണ്ടായിരുന്നിട്ട് കൂടി ആ സ്റ്റാഫ് എന്നെയും കൂട്ടി സ്റ്റേഷനകത്തേക്ക് കടന്നു. റോഡു മുതല്‍ റെയില്‍വേ പ്ലാറ്റ് ഫോമും കടന്ന് ട്രെയിനിനകത്ത് പ്രവേശിക്കുന്നത് വരെ ഒരിഞ്ച് പൊക്കമുള്ള ഒരു സ്റ്റെപ്പ് പോലുമില്ല.. തികച്ചും വീല്‍ച്ചെയര്‍ ഫ്രണ്ട്ലി എന്ന സങ്കല്‍പ്പത്തിന്റെ സുന്ദര കാഴ്ച. ആ സ്റ്റാഫിനൊപ്പം നേരെ എന്‍ട്രി ഏരിയായില്‍ എത്തുന്നു. പുറത്ത് നിന്ന് ഞങ്ങള്‍ എടുത്ത് സ്റ്റാഫിന്റേല്‍ നല്‍കിയ ടിക്കറ്റ് അദ്ദേഹം അവിടെ കാണിക്കുന്നു. അത്യാവശ്യം യാത്രക്കാരുടെ തിരക്കുണ്ട്. ബോഡി സ്കാന്‍ ചെയ്ത ശേഷം വീല്‍ ചെയറിനുള്ള പ്രത്യേക വഴിയിലൂടെ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി അദ്ദേഹം ഞങ്ങളേയും കൊണ്ട് യാത്ര തുടര്‍ന്നു. വളരെ സ്മൂത്ത് ആ വഴിയിലൂടെ ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ എത്തി. അവിടെ പ്രത്യേകമായ് മാര്‍ക്ക് ചെയ്ത ഏരിയയില്‍ വീല്‍ചെയര്‍ നിര്‍ത്തി. സ്റ്റാഫ് അപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്. ഒന്നോ രണ്ടോ മിനിറ്റ് കടന്ന് പോയി.. ആ പ്ലാറ്റ്ഫോമിലേക്ക് ഒരു കൊമ്ബന്റെ തലയെടുപ്പുമായി മെട്രൊട്രെയിന്‍ കുതിച്ചു വന്ന് നിര്‍ത്തി. കൃത്യം വീല്‍ചെയറിന് മുന്നില്‍ ട്രെയിനിന്റെ ഡോര്‍. ചെണ്ടമേളത്താല്‍ തീര്‍ത്ത കൊച്ചി മെട്രോ സിഗ്നേച്ചര്‍ ജിംഗിളിനൊപ്പം അനൗണ്‍സ്മെന്റുകള്‍ തുടരുമ്പോള്‍ ഡോറുകള്‍ രാജകീയമായ് തന്നെ തുറക്കുന്നു. ട്രെയിനും പ്ലാറ്റ്ഫോമും ഒരോ ലെവലില്‍ .. സിംപിളായി ട്രെയിനകത്തേക്ക് പ്രവേശിക്കുന്നു. സ്റ്റാഫും ഞങ്ങള്‍ക്കൊപ്പം ബോഗിയിലേക്ക് പ്രവേശിച്ച്‌ വീല്‍ ചെയറിന് വേണ്ടിയുള്ള പ്രത്യേക സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. സേഫ് ആയി എന്നെ ട്രെയിനില്‍ പ്രവേശിപ്പിച്ച്‌ ശുഭയാത്ര പറഞ്ഞ് ആ സ്റ്റാഫ് തന്റെ സേവനം ഭംഗിയായി നിര്‍വഹിച്ച്‌ പിന്‍മാറുന്നു.
യാത്ര തുടങ്ങി. ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കാണ് ഞങ്ങളുടെ യാത്ര. അതിവേഗം മെട്രോ ട്രെയിന്‍ കുതിച്ച്‌ പായുകയാണ്. സെന്‍ട്രലൈസ്ഡ് A/c യുടെ കുളിര്‍മയില്‍ അകത്തേയും പുറത്തേയും കാഴ്ചകള്‍ കണ്ട് ആസ്വദിച്ച്‌ ഏകദേശം മുപ്പത് മിനിറ്റുകള്‍ക്കുള്ളില്‍ മനോഹരയാത്രക്കൊടുവില്‍ ഞങ്ങള്‍ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ എത്തി. അവിടെയാണ് ശരിക്കും മെട്രോ ഞെട്ടിച്ചത്. വീല്‍ചെയറില്‍ ഇങ്ങനെ ഒരു യാത്രക്കാരന്‍ വരുന്നു എന്ന ഇന്‍ഫര്‍മേഷന്‍ അവര്‍ ഇടപ്പള്ളിയിലേക്ക് മുന്‍പേ അറിയിച്ചതിന്‍ പ്രകാരം ട്രെയിന്‍ ഇടപ്പള്ളി സ്റ്റേഷനില്‍ എത്തി ഡോര്‍ തുറന്ന ഉടന്‍ അവിടുന്ന് മറ്റൊരു സ്റ്റാഫ് അതിവേഗം എനിക്കരികിലേക്ക് എത്തുന്നു. പിന്നീട് ബോഗിയില്‍ നിന്ന് ഇറങ്ങി സ്ക്ലാനിംഗ് ഏരിയയില്‍ പാസ് എക്സിറ്റ് അടിച്ച്‌ പുറത്ത് ഇറങ്ങുന്ന വരെ ആ സ്റ്റാഫ് നമുക്കൊപ്പം തന്നെ തുടരുന്നു. മെട്രോ സ്റ്റേഷന് പുറത്ത് വളരെ സേഫ് ആയി നമ്മളെ എത്തിച്ച്‌ ഇനിയും എന്തെങ്കിലും ചെയ്ത് തരേണ്ടതുണ്ടോ പോകാനായി വാഹനം റെഡിയല്ലേ തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിച്ച്‌ ഉറപ്പാക്കിയിട്ടെ അവര്‍ നമുക്കടുത്ത് നിന്ന് പോവു..
നമുക്കെല്ലാം ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറം അല്ലെ ?
ശരിക്കും ശാരീരിക പരിമിതികളാല്‍ യാത്രാ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഇതിനപ്പുറം ഒരു സേവനം പ്രതീക്ഷിക്കാനാവില്ല. ഇടപ്പള്ളിയില്‍ നിന്ന് തിരിച്ച്‌ ആലുവയിലേക്ക് പോരുമ്ബോഴും അതേ രീതിയില്‍ മെട്രോ അവരുടെ സേവനം തുടര്‍ന്നു.
ഇന്ന് ( ഡിസംബര്‍ 3 ) വേള്‍ഡ് ഡിസേബിള്‍ഡ് ഡേയില്‍ Kochi Metro Rail Ltd നും അവരുടെ എല്ലാ സ്റ്റാഫ്സിനും ഈ ദിനത്തില്‍ ഹൃദയത്തില്‍ തൊട്ട് നന്ദി പറയുന്നു. ഈ സേവനം മറ്റിടങ്ങളിലേക്കും വരാനായി മാതൃകയാവട്ടെ എന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ ഞങ്ങളും എല്ലാവരെയും പോലെ ഈ നാട്ടില്‍ സ്വതന്ത്രമായ് യാത്ര ചെയ്യുന്ന ഒരു കാലം അതിവേഗം സംജാതമാവട്ടെ..!!
ഒരു സംസാര മദ്ധ്യെ ഞാന്‍ മെട്രോ യാത്ര ചെയ്തിട്ടില്ല എന്ന കാര്യം മനസിലാക്കി തന്റെ ജന്മദിനത്തില്‍ തന്നെ ഈ രാജകീയ യാത്രക്ക് മുന്‍കൈ എടുത്ത കല്ലുമോള്‍ക്കും (ഗയ) ഞങ്ങള്‍ക്കൊപ്പം യാത്രയില്‍ കൂടിയ ശ്യാമേട്ടനും ഹിമലിനും സ്നേഹം.

Related Articles

Back to top button