IndiaLatest

ഓപ്പറേഷന്‍ ട്രൈഡന്റ്, ഓര്‍മകളില്‍ അഭിമാനമായി ഡിസംബര്‍ 4

“Manju”

ന്യൂഡല്‍ഹി : ഇന്ന് നാവികസേനാ ദിനം. 1971ലെ ഇന്തോ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേന കറാച്ചി തുറമുഖത്തെ പാക്ക് കപ്പലുകള്‍ തകര്‍ത്ത സംഭവങ്ങളുടെ സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്.
1971 ഡിസംബര്‍ മൂന്നിന് 11 ഇന്ത്യന്‍ വ്യോമകേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ യുദ്ധം ആരംഭിച്ചു. തൊട്ടടുത്ത ദിവസം ഇന്ത്യന്‍ നാവിക സേന നല്‍കിയ മറുപടി ആയിരുന്നു ഓപ്പറേഷന്‍ ട്രൈഡന്റ്. INS നിപഥ്, INS നിര്‍ഘാത്‌, INS വീര്‍ തുടങ്ങി മൂന്ന് മിസൈല്‍ ബോട്ടുകള്‍ ഇന്ത്യന്‍ തിരിച്ചടിക്ക് നേതൃത്വം നല്‍കി. ഐ.എന്‍.എസ്. നിര്‍ഗട്ടില്‍ നിന്നുള്ള ആദ്യ മിസൈല്‍ പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പല്‍ പി.എന്‍.എസ്. ഖൈബറിനെ ചരിത്രമാക്കി. പാകിസ്ഥാന്റെ ഒരു യുദ്ധക്കപ്പലും വെടിക്കോപ്പുകള്‍ നിറച്ചിരുന്ന ഒരു ചരക്കു കപ്പലും പൂര്‍ണമായും തകര്‍ന്നു. പി.എന്‍.എസ്. ഷാജഹാന്‍ എന്ന യുദ്ധക്കപ്പലിന് വന്‍നാശനഷ്ടം സംഭവിച്ചു. കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ 700-ല്‍ അധികം പാക് സൈനികര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ നാവിക സേനാ വിഭാഗം തിരിച്ചെത്തിയത്. അതും ഒരു പോറല്‍ പോലുമേല്‍ക്കാതെ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും മികച്ച നാവികസേനാ ഓപ്പറേഷനുകളില്‍ ഒന്നായാണ് ഇന്നും ഓപ്പറേഷന്‍ ട്രൈഡന്റ് വിലയിരുത്തുന്നത്.
ഇതിനു തുടര്‍ച്ചയായി ഡിസംബര്‍ എട്ടിന് ഓപ്പറേഷന്‍ പൈത്തണ്‍ എന്ന പേരില്‍ മറ്റൊരു വിജയകരമായ ആക്രമണദൗത്യവും ഇന്ത്യന്‍ നാവിക സേന നടപ്പാക്കി. ആകെ തകര്‍ന്നു പോയ പാക് സൈനിക നേതൃത്വും പരിഭ്രാന്തിക്കിടയില്‍ തങ്ങളുടെ തന്നെ യുദ്ധക്കപ്പലിനെ ഇന്ത്യയുടെതായി തെറ്റിദ്ധരിച്ച്‌ വ്യോമാക്രമണത്തിന് ഇരയാക്കിയ സംഭവവും ഇതിനിടയിലുണ്ടായി.


1970ലാണ് രഹസ്യ ദൗത്യത്തിനായി നാവിക സേനാ സംഘത്തെ സോവിയറ്റ് യൂണിയനിലേക്ക് അയക്കാന്‍ ഇന്ത്യ തീരുമാനിക്കുന്നത്. 40 നാവിക സേനാ ഉദ്യോഗസ്ഥരും മറ്റ് 18 പേരും അടങ്ങുന്നതായിരുന്നു വ്‌ളാഡിവോസ്റ്റോകിലേക്ക് തിരിച്ച സംഘം. സോവിയറ്റ് യൂണിയന്റെ നാവിക മിസൈല്‍ പരിശീലനകേന്ദ്രം സ്ഥിതി ചെയ്തിരുന്നത് വ്‌ളാഡിവോസ്റ്റോകിലായിരുന്നു. അതീവ രഹസ്യമായ ദൗത്യമായതിനാല്‍ തന്നെ നാവികസേനാ അംഗങ്ങള്‍ക്ക് പോലും ദൗത്യത്തെക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലായിരുന്നു. ഇന്ത്യയില്‍ നാല് മാസത്തോളം റഷ്യന്‍ ഭാഷ പഠിച്ചതിന് ശേഷമാണ് സംഘം എട്ട് മാസത്തെ രഹസ്യ ദൗത്യത്തിനായി തിരിച്ചത്. പരിശീലനത്തിനു ശേഷം 1971 ഏപ്രിലില്‍ സംഘം തിരിച്ചെത്തി. അതീവ രഹസ്യമായി എട്ട് റഷ്യന്‍ പടക്കപ്പലുകള്‍ കൂടി ഇറക്കുമതി ചെയ്ത ഇന്ത്യ പിന്നീട് നാവികസേനയുടെ കില്ലര്‍ സ്‌ക്വാഡ്രോണ്‍ എന്ന് വിളിക്കപ്പെട്ട സേനാവിഭാഗത്തെ ഒരുക്കുകയായിരുന്നു.


1971 ഡിസംബര്‍ മൂന്നിന് യുദ്ധം ആരംഭിച്ചു. പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് വലിയ തോതില്‍ നാശം വിതച്ചത് ഇന്ത്യന്‍ നാവികസേനയുടെ ഈ കില്ലര്‍ സ്‌ക്വാഡ്രോണ്‍ ആയിരുന്നു. മൂന്ന് പാക്കിസ്ഥാന്‍ നാവിക സേനയുടെ പടക്കപ്പലുകള്‍ ആക്രമിച്ച്‌ മുക്കിയ അവര്‍ ഒരു കപ്പല്‍ വലിയ തോതില്‍ കേടുപാടുകള്‍ വരുത്തി. തുറമുഖത്തെ ഇന്ധന ടാങ്കുകള്‍ തകര്‍ക്കുകയും ചെയ്തു. ഡിസംബര്‍ എട്ടിന് നടന്ന രണ്ടാം ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ കൂടി പൂര്‍ണമായും തകര്‍ക്കുകയും ഒരു കപ്പല്‍ അറ്റകുറ്റപണികള്‍ക്ക് ആവാത്തവിധമാക്കുകയും ചെയ്തു. ഈ ആക്രമണത്തോടെ പാക്കിസ്ഥാന്റെ കറാച്ചി തുറമുഖത്തെ ഇന്ധന സംഭരണം നാമാവശേഷമായി. ഡിസംബര്‍ 4 ന് കറാച്ചി സ്ട്രൈക്ക് ഗ്രൂപ്പ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത് മൂന്ന് വിദ്യുത് ക്ലാസ് മിസൈല്‍ ബോട്ടുകള്‍ സജ്ജമാക്കി. ഐഎന്‍എസ് നിപഥ്, ഐഎന്‍എസ് നിര്‍ഘാത്‌, ഐഎന്‍എസ് വീര്‍ എന്നിവയായിരുന്നു സജ്ജമാക്കിയത്. ഓരോന്നിലും സോവിയറ്റ് നിര്‍മിത എസ്‌എസ്-എന്‍ -2 ബി സ്‌റ്റൈക്‌സ് മിസൈലുകളും വിന്യസിച്ചിരുന്നു. മുങ്ങിക്കപ്പലുകളെ നേരിടാനുള്ള ഐഎന്‍എസ് കില്‍ട്ടന്‍, ഐഎന്‍എസ് കച്ചാല്‍, കൂടെ ഐഎന്‍എസ് പോഷക് എന്നിവയും ഉണ്ടായിരുന്നു. 25-ാം മിസൈല്‍ ബോട്ട് സ്‌ക്വാഡ്രന്റെ കമാന്‍ഡിങ് ഓഫിസര്‍ കമാന്‍ഡര്‍ ബാബ്രു ഭാന്‍ യാദവിന്റെ കീഴിലായിരുന്നു സംഘം. ആക്രമണസമയത്ത് ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തിയത് റഷ്യന്‍ ഭാഷയിലായിരുന്നു. ഇതും പാകിസ്ഥാനെ ആശയക്കുഴപ്പത്തിലാക്കി. അന്നത്തെ ആക്രമണത്തില്‍ എഴുന്നൂറോളം പാക്ക് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പാക്കിസ്ഥാന്റെ തോല്‍വി ഉറപ്പാക്കിയതിന് ശേഷമാണ് അന്ന് ഇന്ത്യന്‍ നാവിക സേന കറാച്ചി തീരം വിട്ടത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുളള മികച്ച നാവികയുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു
ഓപ്പറേഷന്‍ ട്രൈഡന്റ്.പാകിസ്ഥാന്റെ അഭിമാനത്തിനേറ്റ ഏറ്റവും വലിയ അടിയായിരുന്നു ഓപ്പറേഷന്‍ ട്രൈഡന്റിലേറ്റ കനത്ത ആഘാതം.കറാച്ചി തുറമുഖം ദിവസങ്ങളോളം നിന്ന് കത്തിയ കാഴ്ച പാക് സൈക്കിയിലുണ്ടാക്കിയ മുറിവ് അത്രയധികമായിരുന്നു. നേരിട്ട് അതിന് തിരിച്ചടി നല്‍കാന്‍ പ്രാപ്തി അന്നും ഇന്നും പാക് നാവികസേനയ്ക്കില്ല.എന്നാല്‍ ചില വളഞ്ഞ വഴികള്‍ പാകിസ്താന്‍ സ്വീകരിച്ചെന്ന് മിലിട്ടറി-ഇന്റലിജന്‍സ് നിരീക്ഷകര്‍ കരുതുന്നു. 2008ല്‍ കസബ് അടക്കമുള്ള ഭീകരരെ ഉപയോഗിച്ച്‌ ലഷ്‌കറെ തോയിബയെ മുന്നില്‍ നിര്‍ത്തി പാക് ഇന്റലിജന്‍സ് ഏജന്‍സി ആസൂത്രണം ചെയ്ത മുംബൈ ഭീകരാക്രമണത്തിന്റെ വേദികളിലൊന്ന് ഹോട്ടല്‍ ട്രൈഡന്റായിരുന്നു. ഓപ്പറേഷന്‍ ട്രൈഡന്റിലേറ്റ കനത്ത പരാജയത്തിന് പാകിസ്ഥാന്‍ പ്രതീകാത്മകമായി പ്രതികാരത്തിന് ശ്രമിക്കുകയായിരുന്നു ഇതിലൂടെ എന്ന് പല സൈനിക നിരീക്ഷകരും വിലയിരുത്തുന്നുണ്ട്.

അമേരിക്കന്‍ പിന്തുണയില്‍ ഞെളിഞ്ഞിരുന്ന പാക് അഹന്തയ്ക്കും കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങളുടെ ദുരിത ജീവിതത്തിനും അറുതി വരുത്താന്‍ നിശ്ചയിച്ചുറപ്പിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അവര്‍ക്ക് പിന്തുണ നല്‍കിയ സാം മനേക് ഷാ എന്ന അതുല്യനായ സൈനികമേധാവിയുടെയും വിജയമായി വേണം ഓപ്പറേഷന്‍ ട്രൈഡന്റ് അടക്കം 1971 ല്‍ ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ യുദ്ധനീക്കങ്ങളെ കാണുവാന്‍.

Related Articles

Back to top button