LatestThiruvananthapuram

പാഴ്‌വസ്തുക്കളില്‍ നിന്ന് തോക്കുകള്‍ നിര്‍മ്മിച്ച്‌ വിദ്യാര്‍ത്ഥി

“Manju”

വിഴിഞ്ഞം: പാഴ്‌വസ്തുക്കളില്‍ നിന്ന് തോക്കുകള്‍ നിര്‍മ്മിച്ച്‌ 18 കാരന്‍. വെങ്ങാനൂര്‍ ഗൗരി നന്ദനത്തില്‍ അജികുമാറിന്റെയും പ്രവീണയുടെയും മകന്‍ അഭിരാമാണ് (18) പാഴ്‌വസ്തുക്കളില്‍ നിന്ന് തോക്കുകളുടെ മാതൃക നിര്‍മ്മിക്കുന്നത്. ബാല്യകാലം മുതലേ തോക്കുകളോടാണ് താത്പര്യം. ലോക്ക് ഡൗണ്‍ സമയത്താണ് തോക്ക് നിര്‍മ്മാണം ആരംഭിച്ചതെന്ന് അഭിരാം പറഞ്ഞു. കാര്‍‌ഡ്ബോഡും പെപ്പുകളും ശീതള പാനീയ കുപ്പികളുമൊക്കെയാണ് നിര്‍മ്മാണ വസ്തുക്കള്‍.

എന്‍.പി.5, എം 416, എം. 34, .കെ 17 തുടങ്ങി അധുനിക പടച്ചട്ടയും ഗ്രനേഡും വയര്‍ലസ് സെറ്റുമെല്ലാം അഭിരാം നിര്‍മ്മിച്ചു. തോക്കുകള്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ഇംഗ്ലീഷ് സിനിമകളില്‍ നിന്നുള്ള പ്രചോദനമാണ് തോക്ക് നിര്‍മ്മാണത്തിനോട് താത്പര്യം കൂട്ടിയത്. തോക്ക് കൂടാതെ പഴയ ഡിഷ് ആന്റിന ഉപയോഗിച്ച്‌ ക്യാപ്ടന്‍ അമേരിക്കന്‍ ഷീല്‍ഡും റിമോര്‍ട്ട് ഉപയോഗിച്ച്‌ പറപ്പിക്കാവുന്ന ഡ്രോണുമൊക്കെ നിര്‍മ്മിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ ഇലക്‌ട്രോണിക്സ് വിദ്യാര്‍ത്ഥിയാണ് അഭിരാം. നാലാം ക്ലാസുകാരനായ അനുജന്‍ അദ്വൈതാണ് സഹായി.

നിര്‍മ്മാണ സമയത്ത് റൂമില്‍ പ്രവേശനം അനിയന് മാത്രമാണെന്നും പൂര്‍ത്തിയായാല്‍ മാത്രമേ വീട്ടുകാര്‍ക്ക് കാണാന്‍ അനുവാദമുള്ളൂവെന്നും വീട്ടുകാര്‍ പറഞ്ഞു. മിലിട്ടറിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത അപ്പൂപ്പന്റെയും വല്യച്ഛന്റെയും ഇപ്പോള്‍ മിലിട്ടറിയില്‍ ഡ്രൈവറായ മാമന്റെയും പാത പിന്‍തുടര്‍ന്ന് സൈന്യത്തില്‍ ആര്‍മറി വിഭാഗത്തില്‍ ചേരണമെന്നാണ് ആഗ്രഹമെന്ന് അഭിരാം പറഞ്ഞു.

 

Related Articles

Back to top button