IndiaLatest

പത്ത് ദിവസത്തെ തീര്‍ത്ഥാടന യാത്രാ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

“Manju”

പത്ത് ദിവസം നീളുന്ന അടിപൊളി യാത്രാ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ. പ്രസിദ്ധമായ ആരാധനാലയങ്ങളില്‍ കൂടിയുള്ള ഒരു തീര്‍ത്ഥാടന പാക്കേജാണ് യാത്രക്കാര്‍ക്കായി റെയില്‍വേ ഒരുക്കിയിരിക്കുന്നത്. നേപ്പാളിലേക്കും ട്രെയിന് സര്‍വീസ് ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രം, ഹനുമാന്‍ ഗര്‍ഹി, സരയൂ ഘട്ട്, തുളസി മാനസ ക്ഷേത്രം, സങ്കടമോചന ക്ഷേത്രം, പ്രയാഗ് രാജ്, കാശി വിശ്വനാഥ് ഇടനാഴി, വാരണാസി, ഗംഗാ ആരതി, ഗംഗ യമുന സംഗമം തുടങ്ങിയ ഇടങ്ങളിലെല്ലാം ഭക്തര്‍ക്ക് ഈ യാത്രയിലൂടെ എത്താനാകും.

ഇതിന് പുറമെ നേപ്പാളില്‍ കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രം, ദര്‍ബാര്‍ സ്‌ക്വയര്‍, സ്വയംഭൂനാഥ് സ്തൂപം എന്നീ ഇടങ്ങളും ഈ തീര്‍ത്ഥാടന പാക്കേജില്‍ ഉള്‍പ്പെടുന്നു. ഭാരത് നേപ്പാള്‍ അഷ്ടയാത്ര എന്നാണ് പാക്കേജിന് റെയില്‍വേ നല്‍കിയിരിക്കുന്ന പേര്. ഈ വരുന്ന ഒക്ടോബര്‍ 28നാണ് യാത്ര ആരംഭിക്കുന്നത്. ഒന്‍പത് രാത്രിയും പത്ത് പകലുമാണ് യാത്രയ്‌ക്കായി വേണ്ടി വരുന്നത്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ മൂന്ന് എസി ക്ലാസുകളിലായിട്ടാണ് തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. അറുന്നൂറ് പേര്‍ക്ക് ഒരേസമയം യാത്രയില്‍ പങ്കാളികളാകാം. ഗാസിയാബാദ്, ഡല്‍ഹി, തുണ്ഡ്‌ല, കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് ഈ യാത്രയുടെ ഭാഗമാകാം.

ഭക്ഷണം ഉള്‍പ്പെടെയുള്ള തുകയാണ് പാക്കേജില്‍ ഈടാക്കുന്നത്. ഇതിന് പുറമെ രാത്രിയില്‍ ഹോട്ടലുകളിലെ താമസം, യാത്രാ ഇന്‍ഷുറന്‍സ്, സെക്യൂരിറ്റി ചാര്‍ജ്, നികുതി തുടങ്ങിയവയെല്ലാം ടിക്കറ്റ് ചാര്‍ജില്‍ ഉള്‍പ്പെടും. സിംഗിള്‍ ഒക്ക്യുപ്പെന്‍സിക്ക് 39,850 രൂപയാണ് ചിലവ്. ഡബിള്‍ ട്രിപ്പിള്‍ ഷെയറിന് 34,650 രൂപയും ചാര്‍ജ് വരും. അഞ്ച് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 31,185 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി അല്ലെങ്കില്‍ ആധാര്‍ എന്നിവ കൈവശം കരുതണം. www.irctctourism.com എന്ന വെബ്‌സൈറ്റില്‍ നിന്ന് യാത്ര ബുക്ക് ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ അറിയാനും സാധിക്കും.

Related Articles

Back to top button