EntertainmentLatest

എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടെന്ന് രചന

“Manju”

കൊച്ചി : താരസംഘടന അമ്മയുടെ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിൽ വനിതാ താരങ്ങൾക്ക് ഇരിപ്പിടം നൽകിയില്ലെന്ന പാർവ്വതി തിരുവോത്തിന്റെ വാദത്തെ തള്ളിയ രചനയ്ക്കെതിരെ സൈബർ ആക്രമണം . പാർവ്വതിയുടെ അഭിപ്രായത്തിനോട് വിമർശന ബുദ്ധി നല്ലതാണെന്നും എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു രചനാ നാരായണൻകുട്ടിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിനെ വിമർശിച്ചവർക്കാണ് തക്ക മറുപടിയുമായി രചന രംഗത്തെത്തിയത് .

രചന നാരായണൻകുട്ടി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിനടിയിൽ വരുന്ന കമന്റുകൾക്ക് രചന നൽകുന്ന റിപ്ലേകളും ശ്രദ്ധ നേടുകയാണ്. ‘പാർവ്വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് നല്ല മാതൃക’ എന്ന കമന്റിന് രചന കുറിച്ചിരിക്കുന്ന മറുപടി ‘ആരാണ് ഈ പാര്‍വതി’ എന്നാണ്.

‘നിങ്ങൾക്ക് കൂടി വേണ്ടിയാണ് പാർവ്വതി സംസാരിച്ചത്… ഒരിക്കൽ അത് മനസ്സിലാവു’മെന്ന് കുറിച്ച ഒരാൾക്ക് ‘എനിക്ക് വേണ്ടി ആരും സംസാരിക്കണ്ട എനിക്ക് സ്വന്തം ശബ്ദമുണ്ടെന്നാ’ണ് രചനയുടെ മറുപടി.കഴിവും നിലപാടുമുള്ളവര്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമെന്ന ഒരാളുടെ പരാമര്‍ശത്തിന് ‘ഇവിടെ വേവലാതി ആര്‍ക്കെന്ന് വ്യക്ത’മാണെന്നും രചന മറുപടി നൽകി.

മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്സിക്യുട്ടീവ് അംഗങ്ങൾ വേദിയിലിരിക്കുകയും വനിതാ എക്സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണൻകുട്ടി എന്നിവർ വേദിക്ക് സമീപം നിൽക്കുകയുകയും ചെയ്യുന്നതിന്റെ ചിത്രം പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ അംഗങ്ങൾക്ക് ഇരിപ്പിടം നൽകിയില്ലെന്ന ആരോപണം ഉയർന്നത്. ഉദ്ഘാടന വേദിയിൽ വനിതാ അംഗങ്ങളെ മാറ്റി നിർത്തിയെന്ന വിമർശനത്തെ തള്ളി ഇന്നലെ ഹണി റോസും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button