IndiaLatest

റിട്ടയര്‍മെന്റിന് ശേഷം ജന്മനാട്ടില്‍ ഒരു വീട് വയ്ക്കാന്‍ ആഗ്രഹിച്ചു.

“Manju”

ന്യൂഡല്‍ഹി: കൂനൂരില്‍ കോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരം നാളെ ഡല്‍ഹിയില്‍ കൊണ്ടുവരും.
റാവത്തിന്റെ ഭാര്യയുടെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും ഭൗതിക ശരീരങ്ങളും നാളെ വൈകിട്ടോടെ ഡല്‍ഹിയില്‍ എത്തിക്കും. വിടവാങ്ങിയ ജനറല്‍ റാവത്തിനായി ആദരാഞ്ജലികള്‍ പ്രവഹിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നിവര്‍ പ്രണാമം അര്‍പ്പിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവരും ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി സ്ഥിതിഗതികള്‍ വിലയിരുത്തി. യോഗത്തില്‍ അപകടത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചു. അപകടത്തില്‍ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ നിലയും ഗുരുതരമാണ്. 80 ശതമാനമാണ് അദ്ദേഹത്തിന് പൊള്ളലേറ്റത്.
ജന്മനാട്ടിലേക്കുള്ള അവസാന സന്ദര്‍ശനം ഓര്‍മിച്ച്‌ അമ്മാവന്‍
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ജന്മനാട് ജനറല്‍ ബിപിന്‍ റാവത്ത് ഒടുവില്‍ സന്ദര്‍ശിച്ചത് 2018 ലാണ്. റിട്ടയര്‍മെന്റിന് ശേഷം അവിടെ ഒരു വീട് നിര്‍മ്മിക്കണമെന്നുണ്ടായിരുന്നു, ബിപിന്‍ റാവത്തിന്റെ അമ്മാവന്‍ ഭരത് സിങ് റാവത്ത് ഓര്‍ത്തെടുത്തു. അവസാന സന്ദര്‍ശനത്തിനിടെ തങ്ങളുടെ കുലദേവതയെ കണ്ട് പ്രാര്‍ത്ഥിച്ചിരുന്നു ബിപിന്‍ റാവത്ത്. അന്ന് തന്നെ മടങ്ങുകയും ചെയ്തു.
പൗരിയിലെ ഒരു പരമ്ബരാഗത സൈനിക കുടുംബത്തില്‍ 1958 മാര്‍ച്ച്‌ 16 നായിരുന്നു ബിപിന്‍ ലക്ഷ്മണ്‍ സിങ് റാവത്തിന്റെ ജനനം. 1988-ല്‍ വൈസ് ചീഫ് ഓഫ് ആര്‍മി ജീവനക്കാരനായി വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ ലക്ഷ്മണ്‍ സിംഗാണ് പിതാവ്. ഉത്തരകാശിയില്‍ വലിയ സ്വാധീനമുള്ള മുന്‍ എംഎല്‍എ കിഷണ്‍ സിങ് പര്‍മാറിന്റെ മകളാണ് മാതാവ്. പിതൃ സഹോദരങ്ങളില്‍ ഭൂരിഭാഗവും സൈന്യത്തില്‍. അതിനാല്‍ തന്നെ ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും സേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന തന്റെ പൂര്‍വ്വ തലമുറകളുടെ പാതയാണ് അദ്ദേഹം പിന്തുടര്‍ന്നത്.
അപകടം എങ്ങനെ സംഭവിച്ചു?
അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍, മൂടല്‍ മഞ്ഞാവാം അപകടകാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും പുലര്‍ച്ചയുള്ള ഡല്‍ഹി ഫ്‌ളൈറ്റിലാണ് ഡല്‍ഹിയില്‍ നിന്ന് തമിഴ്‌നാട്ടിലെ സുളൂരിലേക്ക് പോയത്. സുളൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് ഹെലികോപ്ടര്‍ 11.50 ഓടെ പുറപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം ഉദഗമണ്ഡലത്തിലെ വെല്ലിങ്ടണില്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. അവിടെ സ്റ്റുഡന്റ് ഓഫീസര്‍മാരെയും, അദ്ധ്യാപകരെയും അഭിസംബോധന ചെയ്യാനാണ് സംയുക്ത സേനാ മേധാവി പുറപ്പെട്ടത്.
ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്ത് നിന്ന് 10കിലോമീറ്റര്‍ അകലെ കൂനൂരിലാണ് അപകടം സംഭവിച്ചത്. ദൃക്‌സാക്ഷി വിവരണം അനുസരിച്ച്‌ കോപ്ടര്‍ വളരെ താഴ്ന്നാണ് പറന്നിരുന്നത്. മഞ്ഞുമൂടിയ അന്തീക്ഷമായിരുന്നു. പെട്ടെന്ന് മരങ്ങള്‍ക്കിടയിലൂടെ വീണു. നിലത്ത് പതിച്ചയുടന്‍ കോപ്ടറിന് തീപിടിച്ചു. വീഴുന്നതിനിടെ ഒരു കെട്ടിടത്തില്‍ തട്ടിയെങ്കിലും ആര്‍ക്കും അപകടമുണ്ടായില്ല. കാരണം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വനമേഖലയിലാണ് വീണത്. മരങ്ങളെ തകര്‍ത്തുകൊണ്ടായിരുന്നു വീഴ്ച. തീപിടിച്ചതോടെ മരങ്ങള്‍ കത്തിക്കരിയുകയും ചെയ്തു.
ദൃക്‌സാക്ഷിയുടെ വിവരണം
മൂന്നു ദിവസത്തോളം ഇവിടെ കനത്ത മഞ്ഞായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഹെലികോപ്റ്റര്‍ താഴ്ന്നുപറന്ന് മരത്തില്‍ ഇടിച്ച്‌ പൊട്ടിത്തകര്‍ന്ന് തീപിടിച്ചു എന്നാണ് സമീപവാസികള്‍ പറയുന്നത്. ഹെലികോപ്റ്റര്‍ നിലത്തുവീണ് തീ പിടിച്ചതോടെ ആര്‍ക്കും അടുക്കാന്‍ പറ്റാത്ത അവസ്ഥയായി. പിന്നീട് നാട്ടുകാര്‍ കുടത്തിലും ബക്കറ്റിലും വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതു ഫലം കണ്ടില്ല.
നിലംപതിച്ച്‌ നിമിഷങ്ങള്‍ക്കകം ഹെലിക്കോപ്ടര്‍ പൊട്ടിത്തെറിച്ചെന്നും രണ്ടുപേര്‍ക്കു മാത്രമാണ് ആ സമയത്ത് ജീവനുണ്ടായിരുന്നതെന്നും അപകടസ്ഥലത്ത് ആദ്യമെത്തിയവരില്‍ ഒരാള്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നഞ്ചപ്പ ഛത്രത്തിന് സമീപം ഒരു ഹെലികോപ്ടര്‍ വീണതായി വിവരം ലഭിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ അവിടേക്ക് പോയി. അവിടെയെത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ ഹെലികോപ്ടര്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് ഹെലിക്കോപ്ടറിന്റെ അടുത്തുചെന്നു നോക്കിയപ്പോള്‍ രണ്ടുപേര്‍ ജീവനോടെ ഉണ്ടായിരുന്നു. തീപ്പൊള്ളലേറ്റ അവരുടെ സ്ഥിതി ഗുരുതരമായിരുന്നെങ്കിലു ജീവനുണ്ടായിരുന്നു. ഇവരെ അഗ്‌നിരക്ഷാസേന വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന 12 പേരും മരിച്ച നിലയിലായിരുന്നു.

Related Articles

Back to top button