KeralaKottayamLatest

കൊവിഡ് പണി കളഞ്ഞു ; ക്രാഫ്റ്റുമായി ഉദിച്ചുയര്‍ന്ന് ലിജോ

“Manju”

കോട്ടയം : ചെന്നൈയിലെ ജോലി കൊവിഡ് കളഞ്ഞപ്പോള്‍, ക്രാഫ്റ്റ് വര്‍ക്കുകള്‍ക്കൊണ്ട് ക്രിസ്മസ് കാലത്ത് കീശ നിറയ്ക്കുകയാണ് ചുങ്കം പുല്ലരിക്കുന്ന് പറയണിയില്‍ ബൈജുവിന്റെ മകന്‍ ലിജോ.
എല്‍.ഇ.ഡി നക്ഷത്രങ്ങളുടെ കാലത്ത് ലിജോയുടെ നാടന്‍ നക്ഷത്രങ്ങള്‍ തേടി നിരവധിപ്പേരാണ് എത്തുന്നത്. നാട്ടകം പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമ കഴിഞ്ഞ് ചെന്നൈയില്‍ ജോലി ചെയ്യുമ്ബോഴാണ് കൊവിഡ് വില്ലനായത്. നാട്ടിലെത്തി ഇനിയെന്തെന്ന ചിന്തയിലാണ് ക്രാഫ്റ്റ് വര്‍ക്കുകളിലേയ്ക്ക് തിരിഞ്ഞത്. ഈര്‍ക്കിലി കൊണ്ട് ഈഫല്‍ ഗോപുരവും തീപ്പെട്ടി കോലുകൊണ്ട് താജ് മഹലും പേപ്പറുകൊണ്ട് പക്ഷിയെയുമൊക്കെ നിര്‍മ്മിച്ചപ്പോഴാണ് ഇതൊക്കെ ജീവിതമാര്‍ഗമാക്കാമെന്ന ബുദ്ധി ഉദിച്ചത്. ചുങ്കം മെഡിക്കല്‍ കോളേജ് റോഡരികില്‍ പിതാവ് ബൈജു തടിപ്പണി ജോലിചെയ്യുന്ന കടയുടെ മുന്‍ഭാഗത്താണ് നക്ഷത്രങ്ങള്‍ നിര്‍മ്മിച്ച്‌ വില്പന. ഇവിടെ നിന്ന് വേസ്റ്റായി ലഭിക്കുന്ന തടിറീപ്പയില്‍ നക്ഷത്ര ഫ്രെയിം ഉണ്ടാക്കിയെടുക്കും. അതില്‍ വെള്ള പ്ലാസ്റ്റിക് പേപ്പറും വര്‍ണ്ണപേപ്പറുകളും ചേര്‍ത്താണ് അഴകുള്ള നാടന്‍ നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. പണ്ട് ഈറ്റയും മുളയും നൂല്‍ കമ്ബിയും പല നിറത്തിലുള്ള പേപ്പറുകള്‍ ഉപയോഗിച്ചായിരുന്നു നക്ഷത്രങ്ങളുടെ നിര്‍മ്മാണം. പക്ഷേ, മഞ്ഞും മഴയുമേറ്റാല്‍ പോവും. ഈറ്റയും മുളയും മാറ്റി പ്ലാവിന്റെ റീപ്പയിലാണ് ഫ്രെയിം ഉണ്ടാക്കുന്നത്. നനവ് ഏല്‍ക്കാതിരിക്കാന്‍ പ്ലാസ്റ്റിക് പേപ്പര്‍ ഒട്ടിക്കും
4 അടി വലിപ്പമുള്ള നക്ഷത്രം നിര്‍മ്മിക്കാന്‍ മൂന്നര മുതല്‍ നാലുമണിക്കൂര്‍ വേണം. പശകൊണ്ടുള്ള ഒട്ടിക്കലുകള്‍ ഉണങ്ങാന്‍ സമയം വേണം. സൂക്ഷിച്ചു വച്ചാല്‍ എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം. 550 രൂപ മുതലാണ് വില. പള്ളികള്‍, സംഘടനകള്‍, വിവിധ പാര്‍ട്ടി യൂത്ത് സംഘടനകള്‍ എന്നിവരാണ് കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കുന്നത്. ന്യൂ ജനറേഷന് നാടന്‍ നക്ഷത്രം പരിചിതമല്ലെങ്കിലും പഴമ ഇഷ്ടപ്പെടുന്നവര്‍ വാങ്ങാന്‍ എത്തുന്നുണ്ട്. ഇതോടൊപ്പം തടിയിലും ഹാര്‍ഡ് ബോര്‍ഡിലും നിര്‍മ്മിച്ച പുല്‍ക്കൂടുമുണ്ട്. 600 രൂപയാണ് വില.

Related Articles

Back to top button