IndiaKeralaLatest

കോവിഡ് -19,   മരണമടഞ്ഞവരുടെ ആശ്രിതർക്ക് പെൻഷനും ഇൻഷുറൻസും പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

“Manju”

ന്യൂഡൽഹി: ലോകമെങ്ങും നാശം വിതച്ച് കൊവിഡ് മഹാമാരി മുന്നേറുകയാണ്. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം നിരവധി ജീവനുകള്‍ കവര്‍ന്നു. കോവിഡ് -19 കാരണം മരണമടഞ്ഞവരുടെ ആശ്രിതർക്കായി പെൻഷനും വിപുലീകരിച്ച ഇൻഷുറൻസ് ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) പദ്ധതിക്ക് കീഴിലുള്ള പെൻഷൻ പരിരക്ഷ കോവിഡ് -19 കാരണം മരണമടഞ്ഞവരുടെ രജിസ്റ്റർ ചെയ്ത എല്ലാ ആശ്രിതർക്കുമായി വ്യാപിപ്പിച്ചു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങൾക്കായി എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽ) സ്കീമിന് കീഴിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതായും ഇതിനൊപ്പം പ്രഖ്യപിച്ചു.
ഇഎസ്ഐസി പ്രകാരമുള്ള ആനുകൂല്യങ്ങൾതൊഴിൽ സംബന്ധമായി മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഇഎസ്ഐസി പെൻഷൻ പദ്ധതി പ്രകാരം നൽകിവരുന്ന ആനുകൂല്യങ്ങൾ കോവിഡ് കാരണം മരണമടഞ്ഞവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ വ്യാപിപ്പിക്കുന്നു.
അത്തരത്തിലുള്ള എല്ലാ ആശ്രിത കുടുംബാംഗങ്ങൾക്കും നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് തൊഴിലാളികളുടെ ശരാശരി ദൈനംദിന വേതനത്തിന്റെ 90 ശതമാനത്തിന് തുല്യമായ പെൻഷന് അർഹതയുണ്ട്.
ഈ ആനുകൂല്യം കഴിഞ്ഞ വർഷം മാർച്ച് 24 മുതൽ 2022 മാർച്ച് 24 വരെയുള്ള കാലാവധിയിൽ പ്രാബല്യത്തിലുണ്ടാകും.
ഈ പദ്ധതിയെക്കുറിച്ചുള്ള വിശദമായ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ സംബന്ധിച്ച്‌ തൊഴിൽ മന്ത്രാലയം ചർച്ച നടത്തുകയാണ്. തിങ്കളാഴ്ചയോടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും.
പെൻഷൻ ലഭിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങളും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇൻഷ്വർ ചെയ്ത വ്യക്തി മരണത്തിന് കാരണമായ കോവിഡ് ബാധ നിർണയിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ഇഎസ്ഐസി ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം എന്ന മാനദണ്ഡം ഇഎസ്ഐസി ആനുകൂല്യങ്ങൾക്കുള്ള യോഗ്യതാ വ്യവസ്ഥകളിൽ ഉൾപ്പെടുമെന്ന് അധികൃതർ പറഞ്ഞു.
മരണത്തിലേക്ക് നയിച്ച് കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിന് മുൻപുള്ള ഒരു വർഷ കാലാവധിക്കിടെ 78 ദിവസമെങ്കിലും തൊഴിലെടുത്തവരുടെ ആശ്രിതർക്കാണ് ഈ പെൻഷന് അനുമതിയെന്നും അവർ വ്യക്തമാക്കി.
ഇപിഎഫ്ഒ പ്രകാരമുള്ള ആനുകൂല്യങ്ങൾ
ഈ മാസം ആദ്യം പ്രഖ്യാപിച്ചതുപോലെ ഇപിഎഫ്ഒ-ഇഡിഎൽഐ പ്രകാരമുള്ള പരമാവധി ഇൻഷുറൻസ് ആനുകൂല്യത്തിന്റെ തുക ആറ് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി ഉയർത്തി. 2.5 ലക്ഷം രൂപയുടെ മിനിമം ഇൻഷുറൻസ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചു. ഇത് കഴിഞ്ഞ വർഷം ഫെബ്രുവരി 15 മുതൽ അടുത്ത മൂന്ന് വർഷത്തേക്ക് മുൻ‌കാല പ്രാബല്യത്തോടെ നിലവിൽ വരും.
മരണപ്പെടുന്നതിന് 12 മാസം മുൻപ് പുതിയ ജോലിയിൽ ചേർന്നവരുടെ ആശ്രിതർക്ക് പോലും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
6.53 കോടി കുടുംബങ്ങൾക്ക് ഈ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു.
ആരാണ് ഇഎസ്ഐസി, ഇപിഎഫ്ഒ എന്നിവയ്ക്ക് കീഴിൽ വരുന്നത്?
പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന ഫാക്ടറികളിലെയും പ്രഖ്യാപിത സ്ഥാപനങ്ങളിലെയും പരമാവധി 21,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ള ജീവനക്കാർക്കാർ ഇഎസ്ഐസിയുടെ പരിധിയിൽ വരുന്നു.
20 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് ഇപിഎഫ്ഒ പരിധിയിയ. ഒരു ഇപിഎഫ് അക്കൗണ്ട് ഉള്ള ജീവനക്കാർ എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് സ്കീമിന് അർഹരാവുന്നു.

Related Articles

Back to top button