Latest

ഈജിപ്ഷ്യൻ മമ്മികളുടെ രഹസ്യങ്ങൾ ചുരുളഴിയുമോ? ഡിജിറ്റൽ സ്‌കാനിങ്ങ് ഉറ്റുനോക്കി ശാസ്ത്രലോകം

“Manju”

ഈജിപ്ത് എന്നുകേട്ടാൽ ആദ്യം ഓർമ വരിക മമ്മികളെയായിരിക്കും.പുരാതന കാലത്ത് ഈജിപ്റ്റിലെ ഉപരിവർഗ്ഗത്തിൽപ്പെട്ടവർ മരണപ്പെടുമ്പോൾ പ്രത്യേകം ആചാരങ്ങളോടെ അവരെ സംസ്‌കരിച്ചിരുന്നു. മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന ഈജിപ്റ്റുകാർ വിലകൂടിയ ലോഹങ്ങളും ഭക്ഷണവും സുഗന്ധവ്യജ്ഞനങ്ങളും കൊണ്ട് വലിയ പിരമിഡ് കല്ലറകൾ പണിതായിരുന്നു ആളുകളെ അടക്കിയിരുന്നത്. മൃതദേഹങ്ങൾ നൂറ്റാണ്ടുകളോളം കേടാകാതിരിക്കാൻ നടത്തിയിരുന്ന ശവസംസ്‌കാര രീതിയാണ് മമ്മികൾ എന്ന് ഗവേഷകർ വിളിക്കുന്നത്.
പല കാലങ്ങളിലും സ്ഥലങ്ങളിലും നിന്നായി നിരവധി മമ്മികളെ കണ്ടുകിട്ടിയിട്ടുണ്ട്. അവയിൽ ഈജിപ്ഷ്യൻ ഭരണാധികാരികളായ ഫറോവകളുടെ മമ്മികളെ ചുറ്റിപറ്റിയാണ് ഏറെ കഥകളും പ്രചരിക്കാറ്.കാരണം ജീവിച്ചിരുന്ന ഫറോവയേക്കാൾ വാചാലനാണ് മരിച്ചു കിടക്കുന്ന ഫറോവ.

പുരാതന ഈജിപ്തിലെ 18 ാം രാജവംശത്തിലെ ഫറോവയായിരുന്നു ഫറവോൻ അമെൻഹോടെപ്.നൂറ്റാണ്ടുകൾക്ക് മുൻപ് മമ്മിഫൈ ചെയ്ത് അടക്കിയതാണ് ഈജിപ്ഷ്യൻ ഭരണാധികാരി ഫറവോൻ അമെൻഹോടെപ്ന്റെ ശരീരം. ഏറെ നിഗൂഢതകൾ നിറഞ്ഞതാണ് ഈ മമ്മി. മമ്മിഫൈ ചെയ്തിരിക്കുന്ന അലങ്കാരങ്ങൾക്കുള്ളിൽ ഫറവോന്റെ ശരീരം എങ്ങനെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് അറിയാനുള്ള വഴികൾ തേടുകയാണ് ഗവേഷകർ . എന്നാൽ ഇത്രയധികം കരുതലോടെ സൂക്ഷിച്ചിരുന്ന മമ്മി മുഴുവനായി അഴിച്ച് പരിശോധിക്കുക എന്നത് സാധ്യമായിരുന്നില്ല.

മമ്മിയുടെ നിഗൂഢതകൾ അറിയാൻ വഴികൾ തേടിയ ഗവേഷകർ ഒടുവിൽ ഇതിനൊരു മാർഗം കണ്ടെത്തി. മമ്മിയുടെ ശരീരം അഴിക്കാതെ എങ്ങനെയാണ് ശരീരം അടക്കിയത്, ഇതിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ എന്താണ് എന്നെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. ഡിജിറ്റൽ വിദ്യയുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്. ചരിത്രത്തിൽ ആദ്യമായാണ് മമ്മി ഡിജിറ്റലായി തുറന്നിരിക്കുന്നത്.

ഹൈ-ടെക് സ്‌കാനർ ഉപയോഗിച്ചാണ് 3000 വർഷം പഴക്കമുള്ള മമ്മിഫൈ ചെയ്ത ശരീരം സ്‌കാൻ ചെയ്തിരിക്കുന്നത്. വർണാഭമായ കല്ലുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചതും, ജീവനുള്ളത് പോലെ തോന്നിപ്പിക്കുന്നതുമായ മുഖംമൂടി ധരിപ്പിച്ച നിലയിലായിരുന്നു ഫറവോന്റെ മമ്മിഫൈ ചെയ്ത ശരീരം ഉണ്ടായിരുന്നത്. എന്നാൽ ഇതിനുള്ളിലെ ശരീരത്തിന്റെ നിഗൂഢത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പുതിയ കംപ്യൂട്ടർ ടോപ്പോഗ്രഫി(സിടി) സാങ്കേതിക വിദ്യയാണ് ഇതിനായി ഗവേഷകർ ഉപയോഗിച്ചത്. മമ്മിഫൈ ചെയ്ത ശരീരം പൊതിഞ്ഞിരിക്കുന്ന വസ്തുവിന്റെ താഴെയുള്ള രൂപവും ഇതിലൂടെ ഗവേഷകർ കണ്ടു. മനുഷ്യന്റെ ശരീരം സ്‌കാൻ ചെയ്യുമ്പോൾ, ഉള്ളിലുള്ള എല്ലുകളും, അവയവങ്ങളും കാണുന്നത് പോലെയായിരുന്നു അത്.

മമ്മിയുടെ രൂപത്തെകുറിച്ചും, അടക്കം ചെയ്ത വിലപിടിപ്പുള്ള ആഭരണങ്ങളെ കുറിച്ചും ഇതുവരെ അജ്ഞമായിരുന്ന പല വിവരങ്ങളും ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. കെയ്റോ സർവകലാശാലയിലെ ഈജിപ്തോളജിസ്റ്റുകളാണ് ഈ കണ്ടുപിടിത്തതിന് പിന്നിൽ. അതുല്യമായ ഒരു അനുഭവവും, അവസരമായിരുന്നു ഇതെന്ന് കെയ്റോയിലെ ഗവേഷകർ പറയുന്നു. ഒരു ശരീരത്തെ എങ്ങനെ അടക്കം ചെയ്തു എന്നതിലുപരി, നൂറ്റാണ്ടുകൾക്ക് ശേഷം പുരോഹിതൻമാർ എങ്ങനെ അവയെ പുനർനിർമ്മിച്ചുവെന്നും ഗവേഷകർ കണ്ടെത്തി. മമ്മിയെ മൂടിയിരിക്കുന്നവയെല്ലാം ഡിജിറ്റലായി നിരീക്ഷിച്ച്, ഫറവോന്റെ ശരീരത്തെ പറ്റി വിശദമായി പഠിക്കാൻ ഗവേഷകർക്ക് സാധിച്ചു.

ഗവേഷകരുടെ പഠനമനുസരിച്ച്, ഫറവോൻ മരിക്കുമ്പോൾ അദ്ദേഹത്തിന് 35 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന് ഏകദേശം 169 സെന്റിമീറ്റർ ഉയരവും നല്ല പല്ലുകളും ഉണ്ടായിരുന്നായി കരുതുന്നു. അടക്കം ചെയ്ത വസ്ത്രങ്ങൾക്കുള്ളിൽ 30 തകിടുകളും, സ്വർണമുത്തുകളുള്ള അതുല്യമായ അരപ്പട്ടയും ധരിപ്പിച്ചിരുന്നു. 3000 വർഷങ്ങൾക്ക് മുൻപാണ് ഫറവോനെ മമ്മിഫൈ ചെയ്തതെന്നും കരുതുന്നു. സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോൾ ഇത്തരത്തിൽ നിഗൂഢതകൾ നിറഞ്ഞ പല കാര്യങ്ങളെ കുറിച്ചും പഠിക്കാനാകും. അതിൽ ഒരുപക്ഷേ ലോകത്തെ തന്നെ അത്ഭുത പെടുത്തുന്ന പല വസ്തുതകളും ഉണ്ടായേക്കാം.

Related Articles

Back to top button