InternationalLatest

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 റിയാല്‍ പിഴ: മുന്നറിയിപ്പ് നല്‍കി സൗദി

“Manju”

റിയാദ്: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ. മുഴുവന്‍ പൊതുസമൂഹത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കണമെന്നാണ് സൗദി അറേബ്യ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സൗദിയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം വീണ്ടും നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

രാജ്യത്തെ ഇന്‍ഡോറിലും, ഔട്ട്‌ഡോറിലുമുള്ള പൊതു ഇടങ്ങളില്‍ 2021 ഡിസംബര്‍ 30 മുതല്‍ മുഴുവന്‍ വ്യക്തികള്‍ക്കും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നത് സൗദിയിലെ പകര്‍ച്ചവ്യാധികള്‍ തടയുന്ന നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തില്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ തുകയായി ചുമത്തപ്പെടാമെന്നും സൗദി വ്യക്തമാക്കി.

അതേസമയം സൗദിയില്‍ റസ്റ്റോറന്റുകളിലും കഫേകളിലും ഇനിമുതല്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഫേകളിലും റെസ്റ്റോറന്റുകളിലുംഎത്തുന്നവര്‍ ഇനി മുതല്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിച്ചിരിക്കണം.

റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നാണ് നിര്‍ദ്ദേശം. ഈ അകലം പാലിക്കാന്‍ കഴിയാത്ത റസ്റ്റോന്റുകളില്‍ ഭക്ഷണവിതരണം പാഴ്സല്‍ മാത്രമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാല്‍ ഒരേ ടേബിളിനു ചുറ്റും പത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടല്‍ ഉണ്ടാവരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button