Kerala

കെ റെയിലിൽ നിന്ന് സർക്കാർ പിന്നോട്ടില്ല: കോടിയേരി

“Manju”

കൊല്ലം: കേരളത്തിൽ ട്രെയിനുകൾ ഓടുന്നത് വളരെ പതിയെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ കെ റെയിൽ വിവാദ പദ്ധതിയെ ന്യായീകരിക്കവേയാണ് കോടിയേരിയുടെ വാദം. ഇടതുപക്ഷത്തോടുള്ള വിരോധം മൂലം വികസനം ഇല്ലാതാക്കണോയെന്നും, ഇപ്പോൾ വേണ്ട എന്നാണ് യുഡിഎഫ് നിലപാടെന്നും ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴെന്നും കോടിയേരി ചോദിച്ചു.

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. സൗകര്യങ്ങളുളള സംസ്ഥാനമാക്കി കേരളത്തെ മാറ്റണം. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്തണം. അത് നടപ്പാകുമെന്ന് വന്നപ്പോഴാണ് ബിജെപി എതിർക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

സ്ഥലം നഷ്ടമാവുന്നവരുടെ പുനരധിവാസം സിപിഎം ഏറ്റെടുക്കും. കെട്ടിടം നഷ്ടപ്പെടുന്നവർക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കും. ബൃഹത്തായ ഒരു പാക്കേജ് ഇതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കെ റെയിൽ നടപ്പാക്കുക തന്നെ ചെയ്യും. പിന്നോട്ടു പോകാൻ സർക്കാർ തയ്യാറല്ലെന്നും കോടിയേരി പറഞ്ഞു.

പ്രശ്നങ്ങൾ ഉണ്ടായാൽ ഇട്ടേച്ചുപോകുന്ന നിലപാടല്ല ഇടതുപക്ഷത്തിന്റേതെന്ന് മനസിലായപ്പോൾ ജനങ്ങൾ ഒന്നിച്ചുനിൽക്കുകയാണ്. ദേശീയ പാതയ്‌ക്ക് 45 മീറ്റർ വീതി വേണമെന്ന് പറഞ്ഞപ്പോൾ ഇപ്പുറത്ത് നിൽക്കുന്ന പശു അപ്പുറത്ത് പോയി എങ്ങനെ പുല്ലു തിന്നുമെന്ന് പറഞ്ഞവരുണ്ടെന്നും കോടിയേരി പരാമർശിച്ചു.

എതിർക്കുന്നവരോട് കാര്യങ്ങൾ വിശദീകരിക്കാൻ സർക്കാർ തയ്യാറാണ്. പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടത് സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ജനപിന്തുണയോടെ ഈ പദ്ധതി നടപ്പിലാക്കണമെന്നാണ് തീരുമാനമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Related Articles

Back to top button