KeralaLatestThiruvananthapuram

അഗസ്ത്യാര്‍കൂടം കൊടുമുടി കയറാന്‍ അവസരം ഒരുങ്ങുന്നു

“Manju”

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതല്‍ ഫെബ്രുവരി 26-വരെ ട്രക്കിങിന് വനംവകുപ്പ് സൗകര്യം ഏര്‍പ്പെടുത്തി. പരമാവധി 100 പേര്‍ക്കാണ് ഒരുദിവസം പ്രവേശനം. പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാര്‍കൂടം. വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി ആറിന് രാവിലെ 11-ന് ബുക്കിങ് ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണം. 1331 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ.

ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ് ആയതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ പാടില്ല. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. പ്രത്യേക പരിഗണനയുണ്ടായിരിക്കില്ല. രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും അല്ലെങ്കില്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവരെ യാത്രയ്ക്ക് അനുവദിക്കും.

ടിക്കറ്റ് പ്രിന്റൗട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനലും സഹിതം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിങ് ദിവസം രാവിലെ ഏഴിന് എത്തണം. എല്ലാവരും സത്യപ്രസ്താവന ഒപ്പിട്ട് നല്‍കണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി വഴി ഗൈഡിനെ ഏര്‍പ്പെടുത്തും.ഫോണ്‍: 0471-2360762.

Related Articles

Back to top button