KeralaLatest

ഒമിക്രോണ്‍ ബാധിച്ചാൽ ശ്വാസകോശത്തിന് എന്തു സംഭവിക്കും; പഠന ഫലവുമായി ഗവേഷകര്‍

“Manju”

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ അതിവേഗമാണ് വര്‍ദ്ധിക്കുന്നത്.
രോഗവ്യാപനശേഷി വളരെയധികം കൂടുതലാണെങ്കിലും, ശ്വാസകോശത്തിന് ഇത് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ശ്വാസനാളിയില്‍ ഡെല്‍റ്റയെ അപേക്ഷിച്ച്‌ 70 മടങ്ങ് വേഗത്തിലാണ് ഒമിക്രോണ്‍ വൈറസ് പെരുകുന്നത്. എങ്കിലും ശ്വാസകോശത്തിന് ഇത് കാര്യമായ ആഘാതം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് രോഗതീവ്രത രൂക്ഷമല്ലാത്തത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
അമേരിക്കയിലെയും ജപ്പാനിലെയും ഒരു സംഘം ശാസ്ത്രജ്ഞര്‍ എലികളില്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ശ്വാസകോശത്തിന് കുറഞ്ഞ തോതില്‍ മാത്രമാണ് ഒമിക്രോണ്‍ പ്രശ്‌നങ്ങള്‍ വരുത്തിയത്. ഇവ ബാധിച്ച എലികള്‍ മരണപ്പെടാനുള്ള സാധ്യതയും കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. ശ്വാസകോശത്തിലെ കോശസംയുക്തങ്ങള്‍ക്കുള്ളില്‍ ഡെല്‍റ്റയെയും മറ്റ് വകഭേദങ്ങളെയും അപേക്ഷിച്ച്‌ കാര്യമായ അണുബാധയും ഉണ്ടാക്കുന്നില്ല.
ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ സംബന്ധിച്ചും വിദഗ്ധര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ചര്‍മ്മം, ചുണ്ടുകള്‍, നഖങ്ങള്‍ എന്നിവയില്‍ വിളറിയ ചാരനിറം അല്ലെങ്കില്‍ നീല നിറം ഉണ്ടാകുന്നത് ഒമിക്രോണ്‍ വകഭേദം ബാധിച്ചതിന്റെ സൂചനകളാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ കണ്ടാല്‍ ഉടന്‍ അടിയന്തര വൈദ്യസഹായം തേടണം. ഒമിക്രോണ്‍ ബാധിച്ച രോഗികളില്‍ കടുത്ത ക്ഷീണം പ്രകടമാകുന്നുണ്ട്. തുടര്‍ച്ചയായ ചുമ, രുചിയോ മണമോ നഷ്ടപ്പെടുക എന്നതെല്ലാം കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഒമിക്രോണ്‍ ബാധിച്ച ആളുകളില്‍ കുറവാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button