ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പൂ മാര്‍ക്കറ്റില്‍ നിന്ന് ബോംബ് കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളില്‍ നിന്നുമാണ് ബോംബ് കണ്ടെത്തിയത് . കണ്ടെടുത്ത ബോംബ് പോലീസ് നിര്‍വീര്യമാക്കി. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ സ്ഫോടനം നടത്തിയാണ് ബോംബ് നിര്‍വീര്യമാക്കിയത്.
പൂ മാര്‍ക്കറ്റില്‍ വന്ന ആളുകളാണ് ബാഗ് വില്‍പ്പനക്കാരന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. ഇന്ന് രാവിലെ 9.30ന് പൂ വാങ്ങാന്‍ മാര്‍ക്കറ്റില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബാഗ് കൊണ്ടുവന്ന് വച്ചതെന്ന് പോലീസ് കണ്ടെത്തി. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.