IndiaLatest

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സമയം; പ്രധാനമന്ത്രി

“Manju”

ന്യൂ‌ഡല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സമയമാണ് ഇപ്പോഴെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക ഫോറത്തിന്റെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദാവോസ് അജന്‍ഡ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തുള്ള യുവാക്കള്‍ പുത്തന്‍ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും സ്വായത്തമാക്കാന്‍ വെമ്പല്‍കൊള്ളുന്നവരാണെന്നും ഈ സാഹചര്യം പരമാവധി മുതലെടുക്കാന്‍ വ്യവസായികള്‍ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു. 2021ല്‍ അറുപതിനായിരത്തിന് മുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ ആരംഭിച്ചെന്നത് ഇന്ത്യന്‍ യുവാക്കളുടെ ഊര്‍ജസ്വലതയ്ക്കുള്ള ഉത്തമ ഉദാഹരണമാണെന്നും മോദി പറഞ്ഞു.

ഇന്ത്യ വള‌ര്‍ച്ചയുടെ പാതയിലാണെന്നും പ്രതീക്ഷകളുടെ ഒരു പൂച്ചെണ്ടാണ് രാജ്യം ലോകത്തിന് മുന്നില്‍വക്കുന്നതെന്നും മോദി സൂചിപ്പിച്ചു. ഉപഭോക്തൃ സംസ്കാരം കാലാവസ്ഥാവ്യതിയാനത്തെ വലിയ രീതിയില്‍ ബാധിച്ചെങ്കിലും അതിനുള്ള പ്രതിവിധിയും ഇന്ത്യയുടെ പക്കലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യു പി ഐ, ആരോഗ്യസേതു, കൊവിന്‍ മുതലായ ആപ്ളിക്കേഷനുകളെ കുറിച്ച്‌ പരാമ‌ര്‍ശിച്ച പ്രധാനമന്ത്രി നവീന സാങ്കേതിക രംഗങ്ങളില്‍ ഇന്ത്യ വലിയൊരു മുന്നേറ്റമാണ് കൈവരിച്ചതെന്നും ഇത്തരം സാങ്കേതിക വിദ്യകള്‍ ബിസിനസ് സുഖകരമായി നടത്താന്‍ വലിയ പ്രയോജനകരമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ശരിയായ ദിശയിലായിരുന്നെന്നും ആഗോള സാമ്പത്തിക വിദഗ്ദ്ധര്‍ വരെ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളെ പുകഴ്ത്തിയിരുന്നെന്നും മോദി സൂചിപ്പിച്ചു. നേരത്തെ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പെംഗുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Back to top button