IndiaLatest

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

“Manju”

സെഞ്ചൂറിയന്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവും. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് കളിതുടങ്ങുക. ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പുതിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് കീഴില്‍ ടീം ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്പര കൂടിയാണിത്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 2 – 1 നാണ് ഡീന്‍ എല്‍ഗര്‍ ക്യാപ്ടനായ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പിച്ചത്.

ഏകദിന പരമ്പരയില്‍ ടെംപ ബാവുമയാണ് ആതിഥേയ ടീമിന്റെ നായകന്‍. ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിന പരമ്പരയിലും ആവര്‍ത്തിക്കാന്‍ ഉറച്ചാണ് ബാവുമയുടെ ടീമിന്റെ ഒരുക്കം. ബൌളിംഗ് സെന്‍സേഷന്‍ ജാന്‍സന്‍ ഏകദിന ടീമില്‍ അരങ്ങേറും. ടെസ്റ്റില്‍ നിന്ന് വിരമിച്ച ക്വിന്‍റണ്‍ ഡിക്കോക്കും വെറ്ററന്‍ താരം വെയ്ന്‍ പാര്‍ണലും, വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ട്. കേശവ് മഹാരാജാണ് ഉപനായകന്‍. റബാദ – എന്‍ഗീഡി – ജാന്‍സന്‍ പേസ് ത്രയം ഏകദിന പരമ്പരയിലും ഇന്ത്യയ്ക്ക് തലവേദനയാകും.

മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങള്‍ പേളിലെ ബോളണ്ട് പാര്‍ക്കില്‍ നടക്കും. അവസാന ഏകദിനം കേപ്പ് ടൌണിലെ ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷാബ് പന്ത് എന്നിവര്‍ ഉള്‍പ്പെട്ട മധ്യനിര ക്ലിക്ക് ചെയ്യുകയും വിരാട് കോഹ്ലി പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും ചഹല്‍മാജിക്ക് ആവര്‍ത്തിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് ഏകദിനപരമ്പര സ്വന്തമാക്കാം.

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വെങ്കിടേഷ് അയ്യരുടെ അരങ്ങേറ്റത്തിനും പരമ്പര വേദിയാകും. ജസ്പ്രീത് ബൂമ്രയാണ് ടീമിന്റെ ഉപനായകന്‍. 2018 – 19 ലെ ദക്ഷിണാഫിക്കന്‍ പര്യടനത്തില്‍ വിരാട് കോഹ്ലിക്ക് കീഴില്‍ 5 -1 ന് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. സമാനമായൊരു പ്രകടനമാണ് ഇന്ത്യ ഇത്തവണയും ലക്ഷ്യമിടുന്നത്. ഇരുടീമുകളും 86 തവണ മുഖാമുഖം വന്നതില്‍ 46 വിജയം ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ 35 എണ്ണത്തിലാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്.

Related Articles

Back to top button