KeralaLatest

‘എന്റെ മരണം പ്രവാസിയുടെ സമരമാണ്, മരിക്കാന്‍ പാസ് വേണ്ട’;

“Manju”

 

ചെന്നൈ• ‘മലയാളി നാട്ടിൽ വരുമ്പോൾ അവൻ കോവിഡ് ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരേയും ചൂഷണം ചെയ്യുന്നു.രണ്ടു സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട’– കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങാൻ കഴിയാത്ത വിഷമത്തിൽ ചെന്നൈയിൽ ആത്മഹത്യ ചെയ്ത ടി. ബിനീഷിന്റെ ആത്മഹത്യ കുറിപ്പിലെ വരികളാണ്.
കഴിഞ്ഞ ദിവസം നാട്ടിലേക്കു പോകേണ്ടിയിരുന്ന ബിനീഷിനെ ബുധനാഴ്ചയാണ് താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രോഡ്‌വേ സെവൻവെൽസിലെ ചായക്കടയിൽ ജോലി ചെയ്യുന്ന വടകര മര മടത്തിൽ വീട്ടിൽ ടി. ബിനീഷ് (42) ആണു മരിച്ചത്. സിടിഎംഎ ഏർപ്പാടാക്കിയ വാഹനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്ക് പോകാൻ പാസെടുത്തിരുന്നു.
എന്നാൽ,ചെന്നൈയിൽ കോവിഡ് വ്യാപനം കൂടുതലായതിനാൽ ഇപ്പോൾ ഇങ്ങോട്ട് വരേണ്ടെന്നു നാട്ടിൽ നിന്നു വിളിച്ചു പറഞ്ഞതിനെത്തുടർന്നു യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ആരാണു വിളിച്ചതെന്നു വ്യക്തമല്ല.

യാത്ര മാറ്റിവച്ചതിനാൽ ബിനീഷ് അസ്വസ്ഥനായിരുന്നു. മരിച്ചാൽ തന്റെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കണമെന്നും ബിനീഷ് കുറിപ്പിൽ പറയുന്നു. ‘എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്. ഒരോ മലയാളിയും ആ രീതിയില്‍ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണന്‍ എടുക്കുന്നു.’–ബിനീഷിന്റെ കുറിപ്പിൽ പരാമർശിക്കുന്നു.

മൂന്നു വർഷം മുൻപാണു ബിനീഷ് ചെന്നൈയിലെ ചായക്കടയിൽ ജോലിക്കെത്തിയത്. സെവൻവെൽസ് സെന്റ് സേവ്യേഴ്സ് സ്ട്രീറ്റിലെ മലയാളിയുടെ ചായക്കടയിൽ അസിസ്റ്റന്റാണ്. ഫെബ്രുവരിയിലാണു അവസാനമായി നാട്ടിൽ പോയത്. സിടിഎംഎ ഏർപ്പാടാക്കിയ വാഹനത്തിൽ മറ്റു നാലുപേർക്കൊപ്പം പോകാനായി പാസെടുത്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ട വാഹനത്തിൽ ബാക്കി 4 പേരും നാട്ടിലെത്തി.
ചായക്കടയ്ക്കു സമീപത്തെ മുറിയിൽ മറ്റു ജോലിക്കാർക്കൊപ്പമാണു താമസം. ഇന്നലെ അതിരാവിലെ മറ്റുള്ളവർ ചായക്കടയിലേക്കു പോയി. സുഹൃത്തുക്കളിലൊരാൾ ഒരു മണിക്കൂറിനകം തിരിച്ചെത്തിയപ്പോൾ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ബലം പ്രയോഗിച്ചു തുറന്നപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പാവപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിൽ കേരള, തമിഴ്നാട് സർക്കാരുകൾ പരാജയപ്പെട്ടുവെന്നും മൃതദേഹത്തിൽ നിന്നു കണ്ടെത്തിയ കുറിപ്പിലുണ്ട്. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. പ്രവീണയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാർഥിനി ഗൗരി കൃഷ്ണ ഏക മകളാണ്.

Related Articles

Back to top button