KeralaLatest

മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേരളത്തിലേക്ക് മടങ്ങിയെത്തില്ല.മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയിലെ മാറ്റമാണ് മടങ്ങിവരവ് വൈകിപ്പിക്കുന്നത്. അമേരിക്കയിൽ ചികിത്സയ്‌ക്കായി പോയ അദ്ദേഹം നാളെ അമേരിക്കയിൽ നിന്ന് ദുബായിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.

തുടർന്ന് ഒരാഴ്ച അദ്ദേഹം യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കും.ദുബായ് എക്സ്പോയിലെ കേരള പവലിയനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. എന്നാൽ വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.കേരളത്തിൽ കൊറോണ വ്യാപനം നിർബാധം തുടരുമ്പോൾ മുഖ്യമന്ത്രി ചുമതല കൈമാറാതെ വിദേശത്ത് പോയതിൽ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മടങ്ങിവരവ് വൈകുമെന്ന വാർത്തയും പുറത്തുവരുന്നത്.

ഈ മാസം ജനുവരി 15 നാണ് അദ്ദേഹം കൊച്ചിയിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ചത്.ഭാര്യ കമലയും അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തെ യാത്രയിൽ അനുഗമിച്ചിരുന്നു.

അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സയ്‌ക്കായി പോയിരുന്നത്.ചുമതല മറ്റാർക്കും നൽകാതെ ക്യാബിനറ്റ് യോഗത്തിൽ അടക്കം ഓൺലൈനായി പങ്കെടുത്തായിരുന്നു മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്‌ക്കായി പോയിരുന്നത്.

നേരത്തെ 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തുടർ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോയത്.

Related Articles

Back to top button