Uncategorized

കൊവിഡ് രണ്ടാംതരംഗത്തില്‍ ശ്വാസംമുട്ടി കൈത്തറിമേഖല

“Manju”

കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തില്‍ കൈത്തറി വ്യവസായം പ്രാണവായുവിനായി പിടയുന്നു. മുന്‍ വര്‍ഷങ്ങളിലെ ആവര്‍ത്തിച്ചുള്ള പ്രതിസന്ധികള്‍ കാരണം നാശത്തിലേക്ക് കൂപ്പുകുത്തുന്നതിനിടെയാണ് കൊവിഡിന്റെ രണ്ടാംതരംഗം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
2018 ലെ മഹാപ്രളയം മുതല്‍ തുടങ്ങിയതാണ് ജില്ലയിലെ കൈത്തറി വ്യവസായത്തിന്റെ കഷ്ടകാലം. അടുത്തടുത്ത വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ച പ്രളയവും 2020 ലെ കൊവിഡ് ലോക്ക്ഡൗണും കൂടിയായപ്പോള്‍ വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചു. കിടന്നകിടപ്പില്‍ അതിജീവനത്തിനായി പൊരുതുന്നതിനിടെയാണ് കൊവിഡ് രണ്ടാംതരംഗവും ലോക്ക്ഡൗണും ഇടിത്തീപോലെ വന്നുഭവിച്ചത്.
2020- 21 വര്‍ഷത്തില്‍ കഷ്ടിച്ച്‌ 8 മാസം മാത്രമാണ് തറികള്‍ ഓടിയത്. എന്നാല്‍ കാര്യമായ വില്പന നടക്കാത്തതുകൊണ്ട് നെയ്തുകൂട്ടിയ വസ്ത്രങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. ഓണം, വിഷു, പുതുവത്സര മാര്‍ക്കറ്റുകള്‍ കാര്യമായി കനിഞ്ഞില്ല. സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം മാത്രമാണ് മുടക്കമില്ലാതെ നടന്നത്. അതാകട്ടെ ജില്ലയിലെ മൂന്നില്‍ ഒന്ന് തറികളില്‍ മാത്രമാണ് നെയ്യുന്നത്. അതുകൊണ്ടുമാത്രം മൊത്തം വ്യവസായത്തിന് പിടിച്ചുനില്‍ക്കാനാവില്ല.
അന്യം നിന്നുപോകുന്ന കേരളത്തിലെ പരമ്ബരാഗത വ്യവസായങ്ങളില്‍ ഇനി അവശേഷിക്കുന്ന പ്രധാനമേഖല എന്ന നിലയില്‍ കേന്ദ്ര- സംസ്ഥാന സ‌ര്‍ക്കാരുകളുടെ അടിയന്തിര സഹായം കിട്ടിയാലെ കൈത്തറി വസ്ത്രനിര്‍മാണത്തിന് നിലനില്‍ക്കാനാവൂ. എറണാകുളം ജില്ലയില്‍ മാത്രം 15,000 ല്‍പ്പരം തൊഴിലാളികള്‍ പ്രത്യക്ഷമായും ഏതാണ്ട് 4000 തൊഴിലാളികള്‍ പരോക്ഷമായും കൈത്തറി രംഗത്ത് തൊഴില്‍ എടുക്കുന്നുണ്ട്. ഇവരെ സംരക്ഷിക്കുന്ന സഹകരണസംഘങ്ങള്‍ക്ക് പ്രതിമാസം 5 മുതല്‍ 10 ലക്ഷംരൂപ വരുമാനം ഉണ്ടാവണം. എങ്കില്‍ മാത്രമെ കൂലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാനാവു. നിലവില്‍ കേരള ബാങ്കില്‍ നിന്ന് 10.5 ശതമാനം പലിശനിരക്കില്‍ വായ്പ എടുത്താണ് സംഘങ്ങള്‍ മുന്നോട്ടുപോകുന്നത്. സ്റ്റോക്ക് വിറ്റഴിക്കാന്‍ കഴിയാതായതോടെ ബാങ്ക് വായ്പയുടെ പലിശ പോലും തിരിച്ചടയ്ക്കാനാവാതെ വിഷമിക്കുകയാണ്. ഈ ഓണക്കാലത്ത് എങ്കിലും സ്റ്റോക്ക് പൂര്‍ണമായും വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ കൈത്തറി മേഖല അന്ത്യശ്വാസം വലിക്കുന്നതുകൂടി കാണേണ്ടിവരുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Related Articles

Back to top button