Uncategorized

സ്ത്രീകള്‍ കുറച്ച് വസ്ത്രം ധരിച്ചാല്‍ പ്രലോഭനമുണ്ടാകും; ഇമ്രാന്‍

“Manju”

ലക്‌നൗ: രാജ്യത്തെ ലൈംഗിക അതിക്രമ കേസുകളിലെ വര്‍ദ്ധനവ് സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘ഒരു സ്ത്രീ വളരെ കുറച്ച് മാത്രം വസ്ത്രമേ ധരിക്കുന്നുള്ളു എങ്കില്‍ അത് തീര്‍ച്ചയായും പുരുഷന്മാരെ പ്രലോഭിപ്പിക്കും. പുരുഷന്മാര്‍ റോബോട്ടുകള്‍ അല്ലെങ്കില്‍ അത് തീര്‍ച്ചയായും സംഭവിച്ചിരിക്കും. ഇത് സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ മനസിലാകും’ എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. അതേസമയം ഇമ്രാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്താനിലെ പ്രതിപക്ഷ നേതാക്കളും മാദ്ധ്യമ പ്രവര്‍ത്തകരും ഇമ്രാനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമക്കേസുകളില്‍ സ്ത്രീകളെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ മുന്‍പും ഇമ്രാന്‍ ഖാന്‍ നടത്തിയിട്ടുണ്ട്.

ലൈംഗിക അതിക്രമങ്ങളുടെ കാരണങ്ങള്‍ ഇരയുടെ തലയില്‍ കെട്ടിവച്ച് അവരെ കുറ്റപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്ന് സൗത്ത് ഏഷ്യ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റിലെ ലീഗല്‍ അഡൈ്വസര്‍ റീമാ ഒമര്‍ ട്വീറ്റ് ചെയ്തു. ആവര്‍ത്തിച്ച് ഇങ്ങനെ പറയുന്നത് നിരാശാജനകവും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. നേരത്തെ മറ്റൊരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പര്‍ദ ധരിച്ചാല്‍ ലൈംഗിക അതിക്രമങ്ങള്‍ കുറയുമെന്ന പരാമര്‍ശം ഇമ്രാന്‍ ഖാന്‍ നടത്തിയത്. ‘പര്‍ദയുടെ ലക്ഷ്യം എന്നത് പ്രലോഭനം ഒഴിവാക്കുക എന്നതാണ്. പ്രലോഭനങ്ങളെ തടയാന്‍ എല്ലാ പുരുഷന്മാര്‍ക്കും സാധിച്ചെന്ന് വരില്ലെന്നും’ ഇമ്രാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും പാകിസ്താനില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പാകിസ്താനില്‍ ഓരോ 24 മണിക്കൂറിലും 11 ബലാത്സംഗ കേസുകള്‍ എങ്കിലും നടക്കുന്നുണ്ടെന്ന് അടുത്തിടെ അവിടെ നിന്നും പുറത്ത് വന്ന ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അതേസമയം ഇത്തരം കുറ്റകൃത്യത്തില്‍ പെടുന്നവരില്‍ 0.3 ശതമാനത്തിന് മാത്രമാണ് ശിക്ഷ ലഭിക്കുന്നതെന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button