Latest

ഹൂതികളുടെ പ്രകോപന ശ്രമം വിലപ്പോവില്ല; ആക്രമണങ്ങൾക്ക് മുന്നിൽ യുഎഇ കീഴടങ്ങില്ല

“Manju”

അബുദാബി: ഹൂതികളുടെ പ്രകോപന ശ്രമം വിലപ്പോവില്ലെന്നും ആക്രമണങ്ങൾക്ക് മുന്നിൽ യുഎഇ കീഴടങ്ങില്ലെന്നും നയതന്ത്ര ഉപദേഷ്ടാവ് ഡോ അൻവർ ഗർഗാഷ് പറഞ്ഞു. സുസ്ഥിരവും സമാധാനപരവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് യുഎഇ ശ്രമിക്കുന്നതെന്നും അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം, അബുദാബിയിൽ ഭീകരർ നടത്തിയ മൂന്നാമത്തെ ആക്രമണം ശക്തമായി പ്രതിരോധിച്ചെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് സുരക്ഷയും പരമാധികാരവും ഉറപ്പുനൽകുകയാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഏത് ഭീഷണിയേയും നേരിടാൻ നടപടികൾ സ്വീകരിച്ചതായി യുഎഇ വിദേശ മന്ത്രാലയവും പറഞ്ഞു.

ആക്രമണം നടത്താൻ ഉപയോഗിച്ച യെമനിലെ ലോഞ്ചർ പ്രതിരോധ മന്ത്രാലയം നശിപ്പിച്ചതായും അധികൃതർ അറിയിച്ചു. ആഴ്ചകൾക്കിടെ യുഎഇയിൽ ഹൂതികൾ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച അബുദാബിക്ക് മുകളിലൂടെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞ് നശിപ്പിക്കാൻ യുഎഇക്ക് കഴിഞ്ഞിരുന്നു. അതിനുമുമ്പ്, അബുദാബിയിലെ രണ്ട് സിവിലിയൻ സൗകര്യങ്ങളിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്സഫയിലെ മൂന്ന് അഡ്നോക് ഇന്ധന ടാങ്കറുകളിലും അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലും ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായിരുന്നു. അതേസമയം, അബുദാബിയിലുണ്ടായ ഹൂതി ആക്രമണങ്ങളെ അമേരിക്ക അപലപിച്ചു.

Related Articles

Back to top button