KeralaLatest

പട്ടയമേള: സംസ്ഥാനതല ഉദ്ഘാടനം മെയ് 20ന്

“Manju”

തൃശൂര്‍ : സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന നൂറുദിനകര്‍മ്മപരിപാടിയുടെ ഭാഗമായുള്ള സംസ്ഥാനതല പട്ടയമേളയുടെ ഉദ്ഘാടനം മെയ് 20ന് തൃശൂരില്‍ ‍ നടക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന് ‍ അറിയിച്ചു. ജില്ലയില്‍ 8900 പട്ടയങ്ങള്‍ വിതരണം ചെയ്യും. പട്ടയമേളയുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിലവില്‍ 8500 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും 400 ലാന്റ് അസൈന്‍മെന്റ് പട്ടയങ്ങളും ഉള്‍പ്പെടെ 8900 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. എന്നാല്‍ പതിനായിരം പട്ടയങ്ങളെങ്കിലും വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച വില്ലേജ് തല ജാഗ്രതാസമിതികള്‍ ചേര്‍ന്ന് പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.

എല്‍ എ പട്ടയങ്ങള്‍ സംബന്ധിച്ച കേസുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒന്നര മാസത്തിനകം തീര്‍പ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അനാവശ്യമായ വലിച്ചുനീട്ടല്‍ ഒഴിവാക്കുന്നതിനാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ ടി കേസുകളിലും സമയബന്ധിതമായി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണം. തണ്ണീര്‍ത്തട നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ മന്ത്രിയുടെ ഓഫീസില്‍ വരുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആര്‍ എം സെല്ലുകള്‍ രൂപീകരിക്കും. റവന്യൂ റിക്കവറിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ക്കായിരിക്കും ഇതിന്റെയും ചുമതല. എല്ലാ താലൂക്കുകളിലും റവന്യൂ ഓഫീസുകളിലും നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കും. സംസ്ഥാന റവന്യൂ കലോത്സവം 2022 മെയില്‍ തൃശൂരില്‍ വെച്ച്‌ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 24 റവന്യൂ ദിനമായി ആചരിക്കും.

പട്ടയവിതരണത്തില്‍ സംസ്ഥാന തലത്തില്‍ തൃശൂര്‍ ജില്ലയാണ് ഒന്നാമതെന്നും ജില്ലയില്‍ റീസര്‍വ്വേ നടപടികള്‍ നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ യോഗത്തില്‍ അറിയിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റ് റെജി പി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) ഉഷ ബിന്ദുമോള്‍ കെ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button