ErnakulamLatest

മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് എറണാകുളത്ത് പുതിയ ഓഫീസ്

“Manju”

കൊച്ചി: വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ ഓഫീസ് എറണാകുളത്ത് പ്രവർത്തനം തുടങ്ങി. ഓഫീസിന്റെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവ്വഹിച്ചു. തന്റെ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ മോഹൻലാൽ 2015 ൽ ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് വിശ്വ ശാന്തി ഫൗണ്ടേഷൻ. നിലവിളക്കുകൊളുത്തിയാണ് പുതിയ ഓഫീസിന്റെ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിച്ചത്.

സംവിധായകനും നടനുമായ മേജർരവി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, രാഷ്‌ട്രീയ സ്വയംസേവക സംഘം സഹപ്രാന്ത പ്രചാരക് എ വിനോദ് വിശ്വശാന്തി ഫൗണ്ടേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിൽ സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തിഭവനം എന്ന പദ്ധതിയിലൂടെ നിർമ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോൽ കഴിഞ്ഞയാഴ്ച കൈമാറിയിരുന്നു.

ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് മരിച്ച അജ്‌ന ജോസിന്റെ കുടുംബത്തിനാണ് കാരുണ്യ സ്പർശവുമായി വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമ്മിച്ച് നൽകിയത്. ആദ്യ വീടിന്റെ താക്കോൽ അജ്നയുടെ കുടുംബത്തിന് നേരിട്ട് മോഹൻലാൽ കൈമാറി. സമൂഹത്തിൽ നിർധനരായ ഭവനരഹിതർക്ക് ഗുണമേന്മയുള്ള വീട് നിർമ്മിച്ച് നൽകാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’.

Related Articles

Back to top button