LatestThiruvananthapuram

കഴക്കൂട്ടം സൈനിക സ്‌കൂൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

“Manju”

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിനെ തഴഞ്ഞ് സംസ്ഥാന സർക്കാർ. ഇതോടെ സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. സ്‌കൂൾ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും മുടങ്ങിയതോടെ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി.

സ്‌കൂളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയിട്ടില്ല. ഡിസംബർ മാസത്തെ ശമ്പളം 70 ശതമാനം മാത്രമാണ് നൽകിയത്. മാസം കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ പണി മുടക്കിലേക്ക് നീങ്ങിയത്.

കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള സൈനിക സ്‌കൂൾ സൊസൈറ്റിയാണ് സൈനിക സ്‌കൂളുകളിലെ ഭരണം നടത്തുന്നത്. കേന്ദ്രം മൂന്ന് കോടി രൂപ വീതം വർഷം നൽകാറുമുണ്ട്. സൈനിക സ്‌കൂളിന്റെ പ്രവർത്തനത്തിന്റെ ചെലവ് സംസ്ഥാന സർക്കാർ കൂടി വഹിക്കണമെന്ന് 2006 ൽ തീരുമാനമായതാണ്.

ജീവനക്കാരുടെ ശമ്പളം പെൻഷൻ മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകൾ എന്നിവ സംസ്ഥാനം വഹിക്കണം എന്ന വ്യവസ്ഥയെ കേരളം ആദ്യം എതിർത്തിരുന്നു. 2021 ലെ തന്റെ അവസാന ബജറ്റിൽ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കേന്ദ്രത്തിന്റെ നിർദ്ദേശം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ബജറ്റ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പോയതാണ് സൈനിക സ്‌കൂളിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.

ധന വകുപ്പ് സൈനിക സ്‌കൂളിന്റെ പ്രവർത്തന ചെലവിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകുന്നില്ല. കുടിശ്ശിക വന്നതോടെ കുട്ടികളിൽ നിന്നുള്ള ഫീസാണ് ഇപ്പോഴത്തെ പ്രധാന വരുമാന മാർഗം. ചെലവ് വർദ്ധിച്ചതോടെ മറ്റ് മാർഗങ്ങളില്ലാതെ ഫീസും കൂട്ടി. ഇപ്പോൾ ഒരു ലക്ഷം രൂപ വരെയാണ് വാർഷിക ഫീസായി കുട്ടികളിൽ നിന്ന് ഈടാക്കുന്നത്. ഇനി ഫീസ് വർദ്ധിപ്പിക്കാനും സാധിക്കില്ല. അതിനാൽ അടിയന്തിരമായി സംസ്ഥാന സർക്കാറിന്റെ ഇടപെടൽ ഉണ്ടാകണമെന്നാണ് അദ്ധ്യാപകരുൾപ്പടെയുള്ളവരുടെ ആവശ്യം. ശമ്പളം ലഭിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ല എന്നാണ് ജീവനക്കാർ പറയുന്നത്.

Related Articles

Back to top button