IndiaInternationalLatest

അതിവേഗ രക്ഷാ പ്രവർത്തനം ലക്ഷ്യമിട്ടു വോൾവോ ക്രാഷ് ടെസ്റ്റ്‌

“Manju”

സ്വീഡന്‍: വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന കാര്‍ കമ്പനിയാണ് വോള്‍വോ. മറ്റാരും ഇന്നുവരെ പരീക്ഷിക്കാത്ത ഒടുക്കത്തെ ക്രാഷ് ടെസ്റ്റ് നടത്തിയാണ് ഈ സ്വീഡിഷ് കാര്‍ നിർമാതാക്കള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. 10 എസ്‌യുവികള്‍ 30 മീറ്റര്‍(98 അടി) ഉയരത്തില്‍ നിന്നു‌ കുത്തനെയും ചരിച്ചും താഴേക്കിട്ടായിരുന്നു വോള്‍വോയുടെ പരീക്ഷണം.

പുത്തന്‍ എക്സി 40, വി 90, എക്‌സ്‌സി 90 തുടങ്ങിയ എസ്‌യുവി മോഡലുകള്‍ അടക്കമാണ് വോള്‍വോയുടെ സുരക്ഷാ പരീക്ഷണം. ക്രെയിന്‍ ഉപയോഗിച്ച് 30 മീറ്റര്‍ ഉയരത്തില്‍ കാറുകള്‍ തൂക്കിയിട്ട ശേഷമായിരുന്നു താഴേക്കിട്ടത്. വൈകാതെ സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോകള്‍ തരംഗമായെങ്കിലും അതായിരുന്നില്ല വോള്‍വോയുടെ ഈ ഡ്രോപ് ടെസ്റ്റിന്റെ ലക്ഷ്യം. ഏറ്റവും വലിയ അപകടത്തില്‍ പെടുന്ന കാറുകളില്‍ നിന്ന് എങ്ങനെ വേഗത്തില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനാകും എന്ന് തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു അത്.

അതിവേഗത്തില്‍ വന്ന് ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങളില്‍ കാറുകള്‍ ഇടിക്കുമ്പോഴോ ഒന്നിലേറെ വാഹനങ്ങളില്‍ ഇടിക്കുമ്പോഴോ താഴ്ചയിലേക്ക് വീഴുമ്പോഴോ മറ്റോ ആയിരിക്കും ഇത്തരം സാഹചര്യമുണ്ടാവുകയെന്നാണ് കരുതപ്പെടുന്നത്. വന്‍ അപകടങ്ങളില്‍ ഇരകളാകുന്നവര്‍ കാറുകള്‍ക്കുള്ളില്‍ പലപ്പോഴും അത്യാസന്ന നിലയിലായിരിക്കും. അതിവേഗത്തില്‍ ഇവര്‍ക്ക് വൈദ്യസഹായം എത്തിക്കുകയെന്നത് ജീവന്‍ രക്ഷിക്കുന്നതിലെ ഏറ്റവും പ്രധാന കാര്യവുമാണ്. ‘ജീവന്റെ താടിയെല്ല്’ എന്ന് വിളിക്കുന്ന പ്രത്യേകതരം ഹൈഡ്രോളിക് ടൂളുകളാണ് ഇത്തരം അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുക.

വോള്‍വോ അധികൃതര്‍ക്ക് പുറമേ സ്വീഡനില്‍ റോഡപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയുക്തരായിട്ടുള്ള സംഘവും ഈ ക്രാഷ് ടെസ്റ്റിനെത്തിയിരുന്നു. പുത്തന്‍ കാറുകള്‍ ഇത്തരം ക്രാഷ് ടെസ്റ്റുകള്‍ക്ക് ഉപയോഗിച്ചതിനുള്ള വിശദീകരണവും വോള്‍വോ നല്‍കുന്നുണ്ട്. അമേരിക്കയില്‍ കാറുകളുടെ ശരാശരി ആയുസ്സായി കണക്കാക്കുന്നത് 12 വര്‍ഷമാണ്. പഴയ കാറുകളില്‍ ഇത്തരം പരീക്ഷണം നടത്തി രക്ഷാപ്രവര്‍ത്തനം എങ്ങനെ നടത്താമെന്ന് നോക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നാണ് വോള്‍വോയുടെ നിരീക്ഷണം. കാരണം ഇന്നത്തെ കാലത്ത് അപകടങ്ങളില്‍ പെടുന്ന കാറുകളും പുതിയ തലമുറയിലെ കാറുകളായിരിക്കും.

പഴയ മോഡല്‍ കാറുകളില്‍ ക്രാഷ് ടെസ്റ്റുകള്‍ നടത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ പരിശീലനം നേരത്തെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ ലഭിച്ച അനുഭവത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും പുതിയ കാറുകള്‍ അപകടത്തില്‍ പെടുന്ന സന്ദര്‍ഭങ്ങളില്‍ പലപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കേണ്ടി വരിക. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നവരുടെ കൈവശമുള്ള ആയുധങ്ങള്‍ പഴയ മോഡല്‍ കാറുകളിലും പുതിയ മോഡല്‍ കാറുകളിലും വ്യത്യസ്ത രീതിയിലാകും പ്രതികരിക്കുക. ഈ പരിമിതി മറികടക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഈ ക്രാഷ് ടെസ്റ്റിലൂടെ വോള്‍വോ ഒരുക്കിക്കൊടുത്തത്.

പത്ത് കാറുകളാണ് ഈ ക്രാഷ് ടെസ്റ്റിനായി വോള്‍വോ ഉപയോഗിച്ചത്. മുന്‍ഭാഗം കുത്തിയും പിന്‍ഭാഗം കുത്തിയും വശങ്ങള്‍ കുത്തിയുമൊക്കെയാണ് ഈ കാറുകള്‍ വീണത്. ഓരോ കാറും തകരുന്നതിന് എത്രത്തോളം സമ്മര്‍ദം വേണ്ടിവന്നുവെന്ന കാര്യവും വോള്‍വോയുടെ എഞ്ചിനീയര്‍മാര്‍ കണക്കുകൂട്ടി. ഭാവിയില്‍ വലിയ അപകടങ്ങള്‍ നടന്നാല്‍ പോലും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ വോള്‍വോ ക്രാഷ് ടെസ്റ്റിലൂടെ ശേഖരിച്ചുവെന്നാണ് കരുതപ്പെടുന്നത്.

Related Articles

Back to top button