KeralaLatest

ആദിവാസി വിഭാഗത്തില്‍ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നു

“Manju”

തിരുവനന്തപുരം : വനാശ്രിതരായ ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പില്‍ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിനുള്ള ഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
നിയമനത്തിന് പരിഗണിക്കുന്നതിനുള്ള പ്രായപരിധി നേരത്തെയുണ്ടായിരുന്ന 33 വയസ്സ് എന്നത് 41 വയസ്സായി ഉയര്‍ത്തി.
ശാരീരിക യോഗ്യതയിലും ഇളവ് വരുത്തിയിട്ടുണ്ട്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആവശ്യപ്പെട്ട ഭേദഗതികളും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.
വനാശ്രിതരായ ആദിവാസി വിഭാഗത്തിന്റെ ജീവിത സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുക, പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, അനധികൃത കുടിയേറ്റവും വന്യജീവികളുടെ ആക്രമണവും തടയുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനായി വനം സംബന്ധിച്ച അറിവും സുപരിചിതത്വവും പരിഗണിച്ചാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കാന്‍ തീരുമാനിച്ചത്.
അവിവാഹിതരായ അമ്മമാര്‍, അവരുടെ കുട്ടികള്‍, വിധവകളായ അമ്മമാരുടെ കുട്ടികള്‍ എന്നിവര്‍ക്കും അനിമല്‍ ഹാന്‍ഡ്‌ലിംഗ് ഇന്‍ സൂ ആന്റ് ഫോറസ്റ്റ് കോഴ്‌സ് പാസ്സായ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും ജനറല്‍ ക്വാട്ടയില്‍ മുന്‍ഗണന ലഭിക്കുന്നതാണ്. വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരായി കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള പട്ടിക വര്‍ഗത്തില്‍പെട്ടവര്‍ക്ക് ആകെ ഒഴിവിന്റെ 40 ശതമാനം സംവരണം അനുവദിക്കുന്നതാണ്.

Related Articles

Back to top button