IndiaKeralaLatest

സൂക്ഷ്മപൊടിപടലങ്ങള്‍ കൂടുന്നു, കൊച്ചിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

“Manju”

കൊച്ചി : കോവിഡ് ലോക്ഡൗണിന്റെ അടച്ചുപൂട്ടലിലും ശുദ്ധവായു ശ്വസിക്കുവാന്‍ കൊച്ചിക്ക് വീണ്ടും ശ്വാസംതിരയുന്നു. എംജി സര്‍വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് കൊച്ചിയിലും പരിസരത്തും അന്തരീക്ഷത്തില്‍ സൂക്ഷ്മപൊടിപടലങ്ങള്‍ കൂടുന്നതായ കണ്ടെത്തല്‍. ഗവേഷകരായ എം അബ്ദുല്‍ ഷുക്കൂര്‍, വി ജി ഗോപികൃഷ്ണ, എന്‍ ജി വിഷ്ണു, മഹേഷ് മോഹന്‍ എന്നിവര്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് ജേര്‍ണല്‍ ഓഫ് അറ്റ്‌മോസ്ഫറിക് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച്‌ അന്തരീക്ഷത്തിലെ ലോഹസാന്നിധ്യം കൊച്ചിയില്‍ കുറവാണ്. എന്നാല്‍ പൊടിപടലങ്ങളുടെ സാന്നിധ്യം മുന്‍വര്‍ഷത്തേക്കാള്‍ കൊച്ചിയില്‍ കൂടുന്നതായി പഠനം കണ്ടെത്തി. കഴിഞ്ഞ നവംബറില്‍ പൂര്‍ത്തീകരിച്ച പഠനറിപ്പോര്‍ട്ട് ഈയിടെയാണ് പുറത്തുവന്നത്.
അന്തരീക്ഷത്തിലെ സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, പിഎം 2.5 എന്ന സൂക്ഷ്മപൊടിപടലം, ലോഹങ്ങളായ അയേണ്‍, കോപ്പര്‍, ലെഡ്, നിക്കല്‍, സിങ്ക്, ക്രോമിയം എന്നിവയുടെ തോതാണ് പഠനത്തിന് ഉപയോഗിച്ചത്.
പൊടിപടലം പരിധിക്കപ്പുറം
നാഷണല്‍ ആംപിയന്റ് എയര്‍ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് (എന്‍എഎക്യുഎസ്) പ്രകാരം കൊച്ചിയിലെ ആകാശത്ത് സൂക്ഷ്മപൊടിപടലങ്ങളുടെ (പിഎം 2.5) സാന്നിധ്യം കൂടുതലാണ്. ഇത് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച അളവിനേക്കാള്‍ നാലുമടങ്ങ് കൂടുതലും ഇന്ത്യ നിശ്ചയിച്ച പരിധിക്ക് തൊട്ടുതാഴെയുമാണ്. ഇരുമ്പ്, സിങ്ക്, നിക്കല്‍ എന്നിവയുടെ സാന്നിധ്യം മറ്റു നഗരങ്ങളേക്കാള്‍ കൊച്ചിയില്‍ കുറവാണ്. വാഹനങ്ങള്‍, വ്യവസായശാലകള്‍ എന്നിവയിലൂടെയാണ് കൂടുതലായും ലോഹസാന്നിധ്യം വായുവിലെത്തുന്നത്.
വ്യവസായ, ഗാര്‍ഹിക മേഖലകള്‍
വ്യവസായമേഖലയില്‍ ക്യുബിക് മീറ്ററില്‍ 45.95 മൈക്രോ ഗ്രാം സൂക്ഷ്മപൊടിപലങ്ങളും ഗാര്‍ഹികമേഖലയില്‍ 32.01 മൈക്രോ ഗ്രാം പൊടിപടലങ്ങളുമുണ്ട്. സള്‍ഫര്‍ ഡൈ ഓക്‌സൈഡ് യഥാക്രമം 3.10, 2.21, നൈട്രസ് ഓക്‌സൈഡ്, 14.40, 9.32, ഇരുമ്ബ് 45.89, 19.27, ചെമ്ബ് 4.18, 2.30, ലെഡ് 4.73, 6.02, നിക്കല്‍ 14.87, 5.39, സിങ്ക് 40.48, 23.38, ക്രോമിയം 8.39, 2.57 മൈക്രോ ഗ്രാം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
വ്യവസായവല്‍ക്കരണം, വാഹനഗതാഗതം, നഗരവല്‍ക്കരണം, താപവൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയവയാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിനു കാരണം. രാജ്യത്തെ പ്രമുഖ നഗരങ്ങളെല്ലാം വായുനിലവാര സൂചികയ്ക്കു പുറത്താണ്. കേരളത്തിലെ കാലാവസ്ഥയും അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സഹായകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button