KeralaLatest

പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു

“Manju”

മുംബൈ: പ്രമുഖ വ്യവസായി രാഹുൽ ബജാജ് (83) അന്തരിച്ചു. പുണെയിൽ അർബുദ ചികിത്സയ്ക്കിടെയാണ് അന്ത്യം. വാഹന നിർമാതാക്കളായ ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. ബജാജിന്റെ വൈവിധ്യവൽക്കരണത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ ഭാഗമായത്. 1986ൽ ഇന്ത്യൻ എയൽലൈൻസ് ചെയർമാന്‍ പദവിയും വഹിച്ചു. 2001ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2006 മുതൽ 2010 വരെ രാജ്യസഭാംഗമായിരുന്നു.
രാഹുൽ ചെയർമാൻ സ്ഥാനമേൽക്കുമ്പോൾ 7 കോടി രൂപയായിരുന്നു കമ്പനിയുടെ വാർഷിക വിറ്റുവരവ്. ബജാജ് സ്കൂട്ടറുകൾ മാത്രമുണ്ടായിരുന്ന, നിയന്ത്രിത സമ്പദ്‌വ്യവസ്ഥയുടെ കാലത്തുനിന്ന്, ഒട്ടറെ വിദേശ ബ്രാൻഡുകൾ വിപണിയിലെത്തിയ ഉദാര സമ്പദ് വ്യവസ്ഥയുടെ കാലത്തിലേക്ക് എത്തിയപ്പോഴും കമ്പനിയെ പുരോഗതിയിലേക്കു നയിക്കാൻ അദ്ദേഹത്തിനായി. രാഹുലിന്റെ മുത്തച്ഛൻ ജമ്നലാൽ ബജാജ് ആണ് 1926ൽ കമ്പനി സ്ഥാപിച്ചത്. ഗാന്ധിജിയുമായി അദ്ദേഹത്തിനു വളരെ അടുപ്പമുണ്ടായിരുന്നു.
വാർധയിൽ ഗാന്ധിജി ആശ്രമം സ്ഥാപിച്ച സ്ഥലം അദ്ദേഹത്തിനു സമ്മാനിച്ചതും ജമ്നലാൽ ആയിരുന്നു. നെഹ്റു കുടുംബവുമായും ബജാജിന് അടുപ്പമുണ്ടായിരുന്നു. സ്കൂൾകാലത്ത്, രാഹുലിന്റെ അച്ഛൻ കമൽനയനും ഇന്ദിരാഗാന്ധിയും ഒരുമിച്ചായിരുന്നു. കമൽനയന്റെ മകന് രാഹുൽ എന്ന പേരു നിർദേശിച്ചതും നെഹ്‌റുവാണ്. ആ സ്നേഹത്തിനു പകരമായി രാജീവ് ഗാന്ധിയുടെ പേരുതന്നെ രാഹുൽ ബജാജ് അദ്ദേഹത്തിന്റെ മകന് നൽകി.
പിന്നീട് സോണിയയും രാജീവ് ഗാന്ധിയും അവരുടെ മകനു രാഹുലെന്നു പേരിട്ട് രാഹുൽ ബജാജിനോടുള്ള സ്നേഹത്തിന്റെ ഓർമ ആവർത്തിച്ചു. ജമ്നലാലിന്റെ മരണത്തോടെ കമൽനയൻ പൂർണമായും ബജാജ് കമ്പനിയുടെ ബിസിനസ് തിരക്കുകളിലേക്ക് ഇഴുകിച്ചേരുകയായിരുന്നു. 1972ൽ കമൽനയന്റെ മരണത്തോടെയാണ് രാഹുൽ ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനത്തെത്തിയത്.
ബജാജ് ഇലക്ട്രിക്കൽസിൽ ഡെസ്പാച്ചിലും അക്കൗണ്ട്സ് വിഭാഗത്തിലും മാർക്കറ്റിങ്ങിലുമൊക്കെ ജോലി ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം. ഈ തൊഴിൽപരിചയം മുതൽക്കൂട്ടാക്കിയാണ് രാഹുൽ പിന്നീട് ഹാർവഡ് സർവകലാശാലയിൽ എംബിഎ പഠനത്തിനു പോയത്. പഠനമികവിന് ഹാർവഡ് ഏർപ്പെടുത്തിയ അലുംനി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് രാഹുൽ ബജാജ്.

Related Articles

Back to top button