IndiaLatest

പ്രണയദിനത്തിൽ ആദ്യ വിക്ഷേപണത്തിന് പി.എസ്​.എല്‍.വി C52

“Manju”

ശ്രീഹരിക്കോട്ട: 2022ലെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ വിക്ഷേപണത്തിനുള്ള കൗണ്‍ഡൗണ്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ തുടങ്ങി.
പ്രണയദിനമായ ഫെബ്രുവരി 14ന് വിക്ഷേപിക്കുന്ന പി.എസ്​.എല്‍.വി C52 റോക്കറ്റിന്റെ കൗണ്‍ഡൗണ്‍ ആണ് ഇന്ന് പുലര്‍ച്ചെ 4.29ന് തുടങ്ങിയത്.
പ്രണയദിനത്തില്‍ പുലര്‍ച്ചെ 5.59നാണ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ് ആയ ഇഒഎസ്-04ന്‍റെ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്. 1710 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 529 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പി.എസ്​.എല്‍.വി C52 എത്തിക്കുക.
കൃഷി, വനം, തോട്ടങ്ങള്‍, മണ്ണിലെ ഈര്‍പ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കായി എല്ലാ കാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കാന്‍ രൂപകല്‍പന ചെയ്ത റഡാര്‍ ഇമേജിങ് സാറ്റലൈറ്റാണ് ഇഒഎസ്-04. ഇഒഎസ്-04നൊപ്പം മറ്റ് രണ്ട് ഉപഗ്രഹങ്ങള്‍ കൂടി പി.എസ്​.എല്‍.വി ഭ്രമണപഥത്തില്‍ എത്തിക്കും.
കൊളറാഡോ യൂണിവേഴ്സിറ്റിയിലെ അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സ് ലബോറട്ടറിയുമായി സഹകരിച്ച്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) തയാറാക്കിയ സ്റ്റുഡന്‍റ് സാറ്റലൈറ്റ് ആയ ഇന്‍സ്പെയര്‍ സാറ്റ്-1ഉം ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത ഉപഗ്രഹത്തിന്‍റെ (ഐഎന്‍എസ്-2ബി) മുന്നോടിയായ ഇസ്‌റോയുടെ ടെക്നോളജി ഡെമോന്‍സ്ട്രേറ്റര്‍ സാറ്റലൈറ്റായ ഐഎന്‍എസ്-2റ്റിഡിയും ആണിത്.

Related Articles

Back to top button