LatestThiruvananthapuram

തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച അവധി

“Manju”

തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച പ്രാദേശിക അവധി. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചാണ് ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ക്ഷേത്ര പരിസരത്ത് തിരക്ക് ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വീടുകളില്‍ മാത്രം പൊങ്കാലയിടുക. പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല.

പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളവര്‍ മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കുക. രോഗലക്ഷണമുള്ളവര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കരുത്. കോമ്പൌണ്ടിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് മാത്രമാണ് ക്ഷേത്രദര്‍ശനത്തിന് അനുമതി. ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ മുഴുവന്‍ സമയവും കോവിഡ് പ്രോട്ടോക്കോള്‍ (മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം) പാലിക്കണം.

Related Articles

Back to top button