IndiaLatest

ലാേകത്തിന്റെ കൈയടി നേടി ഇന്ത്യയുടെ രക്ഷാദൗത്യങ്ങള്‍

“Manju”

ന്യഡല്‍ഹി : ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് ഇന്ത്യയില്‍ നിന്നാണ്. അതിനാല്‍ തന്നെ ഏതുരാജ്യത്ത് സംഘര്‍ഷമോ പ്രകൃതിദുരന്തങ്ങളോ ഉണ്ടായാലും അത് ഇന്ത്യക്കാരെയും ബാധിക്കും. യുദ്ധമായാലും പ്രകൃതിക്ഷോഭമായാലും മഹാമാരി ആയാലും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും മറ്റും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ ലോകം മുഴുവന്‍ പുകഴ്ത്തിയിരുന്നു. എയര്‍ ഇന്ത്യ വിമാനങ്ങളിലൂടെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ഏറ്റവും കൂടുതല്‍ ആളുകളെ വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിച്ചു എന്ന റെക്കോഡ് നേട്ടവും എയര്‍ ഇന്ത്യക്ക് സ്വന്തമാണ്. 1990 ല്‍ ഇറാക്ക് കുവൈറ്റില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ ഒരു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.

നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേറിയശേഷം നാലു രക്ഷാ ദൗത്യങ്ങളാണ് ഇന്ത്യ നടത്തിയത്. അതില്‍ ഇപ്പോഴത്തെ രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ ചുമതല മലയാളിയായ കേന്ദ്രമന്ത്രി വി മുരളീധരനാണ്. യുക്രെയിനിലെ മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

മോദിയുടെ കാലത്തെ രക്ഷാദൗത്യങ്ങള്‍                                                                                                              2015ലെ ഓപ്പറേഷന്‍ റാഹത്ത്: യെമന്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് ഓപ്പറേഷന്‍ റാഹത്ത് നടത്തിയത്. സംഘര്‍ഷത്തിനിടെ യെമനില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് ഇന്ത്യക്കാരെയും നൂറുകണക്കിന് വിദേശ പൗരന്മാരെയുമാണ് ഇന്ത്യയുടെ നേതൃത്വത്തില്‍ അന്ന് രക്ഷപ്പെടുത്തിയത്.

ഓപ്പറേഷന്‍ മൈത്രി : 2015-ലെ നേപ്പാള്‍ ഭൂകമ്പത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ സായുധ സേനയും ചേര്‍ന്നാണ് ഈ ദൗത്യം ആരംഭിച്ചത്. കൊടിയ നാശം വിതച്ച ഭൂകമ്പം ഉണ്ടായി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഇന്ത്യ നേപ്പാളിന് സഹായവുമായി പറന്നെത്തി. മാര്‍ഗനിര്‍ദ്ദേശത്തിനും ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഇന്ത്യയുടെ ഗൂര്‍ഖ റെജിമെന്റുകളില്‍ നിന്നുള്ള സൈനികരെയാണ് ഉള്‍പ്പെടുത്തിയത്.

വന്ദേ ഭാരത് മിഷന്‍: 2020ല്‍ കൊവിഡ് മഹാമാരി ലോകത്തെ വിഴുങ്ങിയപ്പോള്‍ 60 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പൗരന്മാരുമാണ് ചൈന ഉള്‍പ്പടെ ലോകത്തെ പലഭാത്തും കുടുങ്ങിയത്. കൊവിഡ് ഭീതിയില്‍ എല്ലാ അന്താരാഷ്ട്ര യാത്രാ സേവനങ്ങളും അടച്ചുപൂട്ടുന്നതിലേക്ക് എത്തിയതോടെ പ്രതിസന്ധി കടുത്തു. ഈ പ്രതിസന്ധിയിലും തളരാരെ മുന്നോട്ടുപോയ കേന്ദ്രസര്‍ക്കാര്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും നാവിക കപ്പലുകളും മറ്റ് മാര്‍ഗങ്ങളും ഉപയോഗിച്ച്‌ എല്ലാ ഇന്ത്യക്കാരെയും ദിവസങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമായി നാട്ടിലെത്തിച്ചു. മറ്റുചില രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തി ലോകത്തിന്റെ കൈയടി നേടിയിരുന്നു.

അഫ്ഗാന്‍ദൗത്യം: കഴിഞ്ഞവര്‍ഷം അഫ്‌ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് അവിടെ കുടുങ്ങികയത്. എന്തിനും മടിക്കാത്ത കൊടും ഭീകരാണ് താലിബാന്‍. ഒപ്പം ഇന്ത്യയാേട് കടുത്ത ശത്രുതയും. പക്ഷേ, ഇതൊന്നും രക്ഷാദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയ്ക്ക് കാരണങ്ങളായിരുന്നില്ല. ഇന്ത്യക്കാര്‍ക്കൊപ്പം അഫ്ഗാന്‍ അഭയാര്‍ത്ഥികളുമായാണ് ഇന്ത്യന്‍ വിമാനങ്ങല്‍ നാട്ടിലേക്ക് പറന്നത്. താജികിസ്ഥാന്‍ വഴിയും ദോഹ വഴിയുമൊക്കെയാണ് വിമാനങ്ങള്‍ ഡല്‍ഹിയിലെത്തിയത്. താജികിസ്ഥാന്‍ വഴി എത്തിയ വിമാനത്തിലുണ്ടായിരുന്നവര്‍ വിമാനം നിലംതൊട്ടപ്പോള്‍ ഭാരത് മാതാ കീ ജയ്വിളിച്ചത് ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.

ഓപ്പറേഷന്‍ ഗംഗ : റഷ്യ യുക്രെയിന്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് അവിടെ കുടുങ്ങിയ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും നാട്ടിലെത്തിക്കാനുളള ദൗത്യമാണ് ഓപ്പറേഷന്‍ ഗംഗ. യുക്രെയിനില്‍ വിമാനങ്ങള്‍ക്ക് അനുമതി ഇല്ലാത്തതിനാല്‍ പൗരന്മാരെ തൊട്ടടുത്തുള്ള രാജ്യങ്ങളില്‍ കൊണ്ടുവന്നാണ് നാട്ടിലേക്ക് എത്തിക്കുന്നത്. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള നിരവധിപേരെ കഴിഞ്ഞദിവസങ്ങളില്‍ നാട്ടിലെത്തിച്ചിരുന്നു.

കഴിഞ്ഞ 26 നാണ് ഓപ്പറേഷന്‍ ഗംഗ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ സുരക്ഷാസമിതിയാണ് ഓപ്പറേഷന്‍ ഗംഗയ്ക്ക് രൂപം നല്‍കിയത്. ഇതനുസരിച്ച്‌ യുക്രെയിന്‍ എംബസിയില്‍ ഹെല്‍പ്പ് ലൈനുകള്‍ തുറന്നു. റഷ്യന്‍ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ കേന്ദ്രങ്ങളും തുടങ്ങി. പടിഞ്ഞാറന്‍ യുക്രെയിനിലെ ലിവിവ്, ചെര്‍ണിസ്തി തുടങ്ങിയ നഗരങ്ങളില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയം ക്യാമ്പ് ഓഫീസുകള്‍ ആരംഭിച്ചു. യുക്രെയിനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി രാജ്യങ്ങളായ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നിവയുമായി നയതന്ത്ര ചര്‍ച്ചകളും നടന്നു. ഈ രാജ്യങ്ങള്‍ വഴി ഇന്ത്യന്‍ പൗരന്മാരെ നമ്മുടെ വിമാനങ്ങളില്‍ ഒഴിപ്പിക്കാന്‍ അനുമതി നേടി. അതിര്‍ത്തികളില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സജ്ജമാക്കി. യുക്രെയിനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഏറ്റവും വേഗം എത്തിച്ചേരാന്‍ കഴിയുന്ന റൊമാനിയയിലും ഹംഗറിയിലും നിന്ന് രക്ഷാദൗത്യം തുടങ്ങാന്‍ തീരുമാനമായി. റൊമേനിയയിലെ അംബാസഡര്‍ രാഹുല്‍ ശ്രീവാസ്തവയും യുക്രെയിനിലെ അംബാസഡര്‍ പാര്‍ത്ഥ സത്പതിയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

റൊമേനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റിലെ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം പറന്നുയര്‍ന്നു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി എയര്‍ ഇന്ത്യ വിമാനം ഇന്ത്യയിലെത്തി. ഇനി നാല് അതിര്‍ത്തികള്‍ വഴി രക്ഷാദൗത്യം പൂര്‍ണമാക്കാനാണ് ശ്രമം . റൊമേനിയയിലെ സുസെവ, ഹംഗറിയുടെ സഹോണി, സ്ലോവാക്യയുടെ വിസ്നെ നെമെക്ക, പോളണ്ടിലെ ക്രാക്കോ വിക് ലാന്‍ഡ് എന്നീ അതിര്‍ത്തികളിലൂടെ ഇന്ത്യന്‍ പൗരന്മാരെ ആ രാജ്യങ്ങളിലെത്തിച്ച്‌ ഇന്ത്യയിലേക്ക് കൊണ്ടുവരും. വിസ ഇല്ലാതെ ഇന്ത്യാക്കാരെ രാജ്യത്തേക്ക് കടത്തിവിടുമെന്ന് പോളണ്ടിന്റെ ഇന്ത്യയിലെ അംബാസഡര്‍ അറിയിച്ചു. യുക്രെയിനിന്റെ കിഴക്കന്‍ ഭാഗങ്ങളിലുള്ളവരെ റഷ്യയിലൂടെ ഇന്ത്യയിലെത്തിക്കാനുള്ള നയതന്ത്ര ചര്‍ച്ചയും തുടരുകയാണ്.

 

Related Articles

Back to top button