Thrissur

തൃശ്ശൂര്‍ ജില്ലയില്‍ 7201 ചെറുകിട സംരംഭങ്ങള്‍: തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് വ്യവസായ വകുപ്പ്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 7201 സൂക്ഷ്മ, ചെറുകിട, ഇടത്തരം ചെറുകിട സംരംഭങ്ങളാണ്ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്. 2016 മുതലുള്ള കണക്ക് പ്രകാരം 463.38 കോടി രൂപയുടെ മൂലധന നിക്ഷേപം, 20336 തൊഴിലവസരങ്ങള്‍ എന്നിവ ഇത് വഴി സൃഷ്ടിക്കാന്‍ വ്യവസായ വകുപ്പിന് സാധിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ കേരളത്തില്‍ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് തൃശൂര്‍. ചെറുകിട സംരംഭ മേഖലയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ലക്ഷ്യമിട്ട് `എന്റര്‍പ്രൈസിങ് തൃശൂര്‍’ എന്ന പദ്ധതിയും ജില്ലയിലുണ്ട്. സംരംഭങ്ങളുടെ വളര്‍ച്ച ലക്ഷ്യമാക്കി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പിലാക്കിയത്. കാര്‍ഷികാധിഷ്ഠിതം, ഭക്ഷ്യസംസ്‌കരണം, ടെക്‌സ്‌റ്റൈല്‍സ്, ഗാര്‍മെന്റ്സ്, ലൈറ്റ് എഞ്ചിനീയറിംഗ്, ബേക്കറി, ഫര്‍ണീച്ചര്‍, മറ്റ് സേവനങ്ങള്‍ എന്നീ മേഖലകളിലുള്ള വ്യവസായ യൂണിറ്റുകളാണ് വ്യവസായ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന്, ബഹുനില വ്യവസായ സമൂച്ചയങ്ങള്‍ക്കും വ്യവസായ എസ്റ്റേറ്റുകള്‍ക്കും വേണ്ടിയുള്ള വികസന പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

ജില്ലയില്‍ 112.1 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ആറ് വ്യവസായ വികസന പ്ലോട്ടുകള്‍ നിലവിലുണ്ട്. 235 വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ 1590 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. 353.6 കോടി രൂപയുടെ മൂലധന നിക്ഷേപവും നടത്തി. ലൈസന്‍സുകളും അനുമതികളും ലഭിക്കാന്‍ നേരിടേണ്ടി വന്നിരുന്ന അനാവശ്യ കാലതാമസം ഒഴിവാക്കാനും സര്‍ക്കാരിന് സാധിച്ചു.

ഇ എം എസ് സംരഭകത്വ സഹായ പദ്ധതി, ക്ലസ്റ്റര്‍ വികസന പദ്ധതി, ഉദ്യമം രജിസ്‌ട്രേഷന്‍ എന്നിങ്ങനെനിരവധി സഹായ പദ്ധതികളും ജില്ല വ്യവസായ കേന്ദ്രംവഴി നടപ്പാക്കുന്നുണ്ട്. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി നടപ്പിലാക്കുന്ന ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം വഴി ചൊവ്വൂര്‍ കേന്ദ്രീകരിച്ച് ഒരുപൊതു സൗകര്യം കേന്ദ്രം ഡിസംബര്‍ 31ന് മുമ്പായി കമ്മീഷന്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ അവസാനഘട്ടത്തിലാണ്. തൃശൂര്‍ എഡിഷന്‍ ട്രഡീഷണല്‍ ഫര്‍ണീച്ചര്‍ ക്ലസ്റ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഫര്‍ണ്ണീച്ചര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ ഒരുമിപ്പിച്ചു കൊണ്ടാണ് ഈ പൊതു സൗകര്യം കേന്ദ്രം രൂപീകൃതമാകുന്നത്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റ റെഡ് കാറ്റഗറി ഒഴിച്ചുള്ളസൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സ്വയം സാക്ഷ്യപത്രം സമര്‍പ്പിച്ച് ആര്‍ക്ക് വേണമെങ്കിലും ആരംഭിക്കാവുന്നതാണ്. ഇതര വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട ലൈസന്‍സുകള്‍, അനുമതികള്‍ എന്നിവയ്ക്കായുള്ള ഏകജാലക സംവിധാനം സംരംഭകര്‍ക്ക് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്.

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഉദ്യമം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ ഓണ്‍ലൈനായി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് സൗജന്യമായി അപേക്ഷ സമര്‍പ്പിക്കാം. (www.udyamregistration.gov.in) രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. ഒരു സംരംഭത്തിന് ഒന്നില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ അനുവദനീയമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. എംഎസ്എംഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഗമമാക്കുന്നതിന് വേണ്ട ഏകജാലക സംവിധാനമായി പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

Related Articles

Back to top button