KeralaLatestThrissur

ശുചിത്വ നഗരം: കൊടുങ്ങല്ലൂരിൽ ശുചിത്വ സന്ദേശ യാത്രനടത്തി

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ്ണ ശുചിത്വ നഗരമായി മാറുന്നതിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ യാത്ര നടത്തി. നഗരസഭയുടെ പ്രധാന കേന്ദ്രങ്ങളിലും 44 വാർഡുകളിലും സന്ദേശ യാത്ര പര്യടനം നടത്തി. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ സന്ദേശ യാത്ര ഉദ്‌ഘാടനം ചെയ്തു.

ജനങ്ങൾക്കിടയിൽ ശുചിത്വത്തിൻ്റെ പ്രാധാന്യം എത്തിക്കുന്നതിനുള്ള ബഹുജന വിദ്യാഭ്യാസ പരിപാടിയായാണ് യാത്ര സംഘടിപ്പിച്ചത്. എല്ലാ വീടുകളിലും ജൈവ മാലിന്യം സംസ്കരിക്കുന്നതിന് നിർബന്ധമായും ബയോഗ്യാസ് പ്ലാൻ്റ് അല്ലെങ്കിൽ ബയോപോട്ടുകൾ സ്ഥാപിക്കണം. കൂടാതെ ഖരമാലിന്യങ്ങൾ വീട്ടിൽ മാസത്തിൽ ഒരു തവണ വരുന്ന ഹരിത കർമ്മ സേനയ്ക്ക് കൈമാറണം. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കും.ഈ കാര്യങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തിക്കാനുള്ള പ്രചാരണ പരിപാടിയാണ് സന്ദേശ യാത്ര.

ഇതോടൊപ്പം എല്ലാ വാർഡുകളിലും ശുചിത്വ സഭകളുടെ ഓൺലൈൻ യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഓരോ വാർഡിലും വാർഡ് കൗൺസിലർ അദ്ധ്യക്ഷനായി ഓരോ വീട്ടിൽ നിന്നുമുള്ളവർക്കാണ് ശുചിത്വ സഭ നടത്തുന്നത്. ഹെൽത്ത് ഇൻസ്പെക്ടറുടെ പദ്ധതി വിശദീകരണവും പങ്കെടുത്തവരുടെ ചർച്ചയും നടത്തും. കേരളപ്പിറവി ദിനത്തിൽ എല്ലാ വാർഡുകളും സമ്പൂർണ്ണ ശുചിത്വ വാർഡായും തുടർന്ന് സമ്പൂർണ്ണ ശുചിത്വ നഗരമായും പ്രഖ്യാപിക്കും.

ചന്തപ്പുരയിൽ നിന്നാരംഭിച്ച സന്ദേശയാത്രയുടെ ഉദ്‌ഘാടനച്ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, തങ്കമണി സുബ്രഹ്മണ്യൻ, കെ വി ഗോപാലകൃഷ്ണൻ, വി മനോജ്‌ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button