KozhikodeLatest

മുന്നില്‍ ഏഴു മക്കളുടെ മീസാന്‍ കല്ലുകള്‍, തളരാതെ ഉമ്മ

“Manju”

കോഴിക്കോട്: പാത്തുമ്മക്കുട്ടിയുടെ പത്തുമക്കളില്‍ ഏഴുപേര്‍ ആ ഖബറിടത്തിലാണ് ഉറങ്ങുന്നത്. ഒരാള്‍ ഏഴുവര്‍ഷമായി വീട്ടിനുള്ളില്‍ മൃതശയ്യയില്‍ കിടക്കുന്നു.
വീടിനോടുചേര്‍ന്ന്, അനന്തതയിലേക്ക് പരന്നുകിടക്കുന്ന ഖബറിടത്തിലേക്ക് നോക്കി മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും. അത്രയേ വേണ്ടൂ. നൊന്തുപെറ്റ മക്കള്‍ നിരന്തരം ‘മീസാന്‍ കല്ലു’കളായി മാറുമ്ബോള്‍ പതറാതെ മനം കാത്തു. ദൈവനിശ്ചയം നടപ്പിലാവുന്നത് തടയാന്‍ ആര്‍ക്കുമാവില്ലല്ലോ. പിന്നെ ഞാനെന്തിന് സങ്കടപ്പെട്ടിരിക്കണമെന്നുപറഞ്ഞ് ആശ്വസിക്കുകയാണ് ഈ ഉമ്മ. കോഴിക്കോട് മുഖദാറില്‍ കണ്ണംപറമ്ബ് ശ്മശാനത്തിനോട് ചേര്‍ന്നാണ് പാത്തുമ്മക്കുട്ടി താമസിക്കുന്നത്. വീടിന്‍റെ മതിലിനപ്പുറം ഖബറിടമാണ്.
പാത്തുമക്കുട്ടിക്ക് ഇപ്പോള്‍ 73 വയസ്സായി. 30വര്‍ഷം മുമ്പാണ് ഭര്‍ത്താവ് കുഞ്ഞിമുഹമ്മദ് മരിച്ചത്. പിന്നാലെ മൂത്തമകന്‍ ലത്തീഫ് മരിച്ചു. പിന്നെ മകള്‍ അസ്മ. മറ്റ് മക്കളായ ഇഖ്ബാലും ഹംസയും പിന്നാലെ മരിച്ചു. മകന്‍ അമീര്‍ 19 വര്‍ഷമായി കിടപ്പിലാണ്. ഏഴുവര്‍ഷമായി തീര്‍ത്തും മിണ്ടാട്ടമില്ല. അപസ്മാരത്തിന് സമാനമായ അവസ്ഥയിലാണ് കിടപ്പ്. മക്കളുടെ മരണകാരണത്തെക്കുറിച്ച്‌ വൈകിയാണ് പാത്തുമ്മക്കുട്ടി തിരിച്ചറിയുന്നത്.
മൂത്തമകനൊഴിച്ച്‌ ഏതാണ്ടെല്ലാവരും സമാന ലക്ഷണങ്ങള്‍ മൂലമാണ് മരിച്ചത്. ആദ്യത്തെ രണ്ട് മക്കള്‍ ഗര്‍ഭാവസ്ഥയില്‍ മരിച്ചതാണ്. മൂന്നാമത്തെ കുഞ്ഞ് ഏഴുമാസം പ്രായമുള്ളപ്പോള്‍ മരിച്ചു. ‘ഹണ്ടിങ് ടോണ്‍സ്’ എന്ന അപൂര്‍വ പാരമ്പര്യ രോഗമാണ് തന്റെ മക്കളെ കൊണ്ടുപോയതെന്ന് വൈകിയാണ് അറിയുന്നത്. തലച്ചോറിലെ നാഡീകോശങ്ങള്‍ പതുക്കെ നശിച്ചുപോകുന്ന അവസ്ഥയാണിത്. നടക്കാനും സ്വന്തം കാര്യങ്ങള്‍ ചെയ്യാനുമാകില്ല. അപസ്മാരമിളകുന്ന അവസ്ഥയില്‍ കിടക്കും. മനോനില തകരാറിലാവും. സാധാരണ 30, 40 വയസ്സാകുമ്പോഴാണ് രോഗം കണ്ടെത്താനാവുന്നത്.
പ്രത്യേകിച്ച്‌ മരുന്നോ ചികിത്സയോ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പാത്തുമ്മക്കുട്ടിയെ അറിയിച്ചത്. മരിച്ചുപോയ മകന്റെ മക്കളും ഇതേ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ ഒരു മകളെ രോഗത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു. കുടുംബത്തിലെ പാരമ്പര്യ രോഗത്തെക്കുറിച്ച്‌ പുറംലോകമറിഞ്ഞതോടെ ഏറ്റവും ഇളയ മകളുടെ വിവാഹം മുടങ്ങി. സമാനതകളില്ലാത്ത ജീവിത പരീക്ഷണങ്ങളിലും പാത്തുമ്മക്കുട്ടിയുടെ വാക്കുകളില്‍ മുഴങ്ങുന്നത് നിശ്ചയദാര്‍ഢ്യം. കടന്നുപോന്ന നാളുകളെക്കുറിച്ച്‌ ചിരിച്ചുകൊണ്ടാണ് അവര്‍ സംസാരിക്കുന്നത്. ബാക്കിയുള്ള മക്കള്‍ക്ക് രോഗം വരരുതേ എന്നാണ് പ്രാര്‍ഥന. പ്രയാസങ്ങള്‍ക്ക് നടുവിലും ഇതിന്റെ പേരിലൊന്നും ആരോടും കൈനീട്ടാന്‍ ഈ ഉമ്മയില്ല.
ഇവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സാമൂഹിക സംഘടന വെച്ചുകൊടുത്ത വീട്ടിലാണ് താമസം. തിരുനാവായക്കാരിയാണ് പാത്തുമ്മക്കുട്ടി. 16ാം വയസ്സില്‍ കോഴിക്കോട്ടേക്ക് വിവാഹം ചെയ്തു കൊണ്ടുവന്നതാണ്.

Related Articles

Back to top button