കാഞ്ചീപുരം: പല്ല് തേക്കുന്നതിനിടെ യുവതിയുടെ വായില്‍ കുടുങ്ങിയ ടൂത്ത് ബ്രഷ് അരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശി രേവതി(34)ക്കാണ് പല്ലുതേക്കുന്നതിനിടെ അപകടമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുളിമുറിയില്‍ വച്ച് പല്ല് തേക്കുന്നതിനിടെ രേവതി തെന്നി വീണത്. വീഴ്ചയില്‍ ടൂത്ത് ബ്രഷ് അവളുടെ കവിളില്‍ തുളച്ച് കയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് രേവതിക്ക് വായ ആടയ്ക്കാനോ തുറക്കാനോ കഴിഞ്ഞിരുന്നില്ല. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു, ടൂത്ത് ബ്രഷ് പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ശേഷം അനസ്തേഷ്യ നല്കി വായില്‍ നിന്ന് ടൂത്ത് ബ്രഷ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പകുതി ഭാഗം മാത്രമേ പുറത്തുവന്നുള്ളു. ബാക്കി പകുതി ചെവിയുടെയും അണപ്പല്ലിന്റെയും ഭാഗത്ത് തുളച്ചിരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഈ ഭാഗവും പുറത്തെടുത്തു.
രണ്ട് വര്‍ഷം മുമ്പ് പല്ല് തേക്കുന്നതിനിടെ അരുണാചല്‍ പ്രദേശിലെ ഒരാള്‍ അബദ്ധത്തില്‍ ബ്രഷ് വിഴുങ്ങിയിരുന്നു. എക്സ്റേയും പരിശോധനകളും നടത്തിയെങ്കിലും അന്നനാളത്തില്‍ ബ്രഷ് കണ്ടെത്താനായില്ല. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് ജനറല്‍ അനസ്തേഷ്യ നല്കി ശസ്ത്രക്രിയ നടത്തി ബ്രഷ് പുറത്തെടുക്കുകയായിരുന്നു. ഏകദേശം അരമണിക്കൂര്‍ സമയമെടുത്താണ് ബ്രഷ് പുറത്തെടുത്തത്.