IndiaInternational

റഷ്യ – ഇന്ത്യ സംയുക്തമായി പാൻസറും ഡിഫൻഡറും നിർമ്മിക്കും

“Manju”

ബംഗളൂരു : റഷ്യയുമായി പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ. വിവിധ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ കരാറായതിനു പിന്നാലെ പുതിയ പ്രതിരോധ സംവിധാനങ്ങൾ സംയുക്തമായി നിർമ്മിക്കാനും ധാരണ. എയ്‌റോ ഇന്ത്യയുടെ ഭാഗമായാണ് നിർണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നത്.

തൽവാർ പടക്കപ്പലുകൾക്കും 877ഇകെ‌എം അന്തർവാഹിനികൾക്കും റഷ്യൻ സാങ്കേതിക പിന്തുണ ഉറപ്പാക്കാൻ ധാരണയായി. റഷ്യയുടെ മികച്ച വ്യോമ പ്രതിരോധ സംവിധാനമായ പാൻസർ എസ്1 , തോർ എം2കെ‌എം എന്നിവയും സംയുക്തമായി നിർമ്മിക്കും. വ്യോമ പ്രതിരോധ ആർട്ടിലറിയായ ഡിഫൻഡർ, ഇൻഫൻട്രി കോം‌ബാറ്റ് വാഹനമായ ബൂമറാംഗ് തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെടുന്നു. ടി -72, 90 ടാങ്കുകളുടെ ഓക്സിലറി പവർ യൂണിറ്റും ഇരു രാജ്യങ്ങളും സംയുക്തമായി നിർമ്മിക്കും.

വാട്ടർ ലാൻഡിംഗ് / ടേക്ക് ഓഫ് ഡ്രോണുകളും ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും നിർമ്മിക്കുന്നതിൽ ഒരുമിക്കാനും ധാരണയായി. ഇന്ത്യയ്ക്കും ആഗോള തലത്തിലും ആവശ്യമായ രീതിയിൽ ആളില്ലാ വിമാനങ്ങളും നിർമ്മിക്കുമെന്ന് പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ നിർണായക പങ്കാളിയാണ് റഷ്യ. സുഖോയ് , മിഗ് വിമാനങ്ങളും ചക്ര അന്തർവാഹിനിയും റഷ്യയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടായ ആയുധങ്ങളാണ്. റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനവും കരാർ അനുസരിച്ച് ഉടൻ ഇന്ത്യക്ക് കൈമാറും. ചൈനയുമായുള്ള സംഘർഷം ആരംഭിച്ച ഉടൻ തന്നെ മിഗ് , സുഖോയ് വിമാനങ്ങൾക്ക് ഇന്ത്യ കരാർ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പാൻസർ, തോർ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സംയുക്തമായി വികസിപ്പിക്കുമെന്ന നിർണായക പ്രഖ്യാപനം വന്നത്.

Related Articles

Back to top button