LatestThiruvananthapuram

അത്യാധുനിക സൗകര്യങ്ങളോടെ കൈരളി, ശ്രീ, നിള തിയേറ്ററുകള്‍; ഉദ്ഘാടനം ഇന്ന്

“Manju”

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയേറ്ററുകള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച്‌ 16) വൈകിട്ട് ആറിനു മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. തിയേറ്റര്‍ കോംപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

സിനിമാ ആസ്വാദനം മികവുറ്റതാക്കാനായി ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ തിയേറ്റര്‍ കോംപ്ലക്സില്‍ ഒരുക്കിയിട്ടുണ്ട്. SMPTE യുടെ REC 2020 യിലുള്ള എല്ലാ നിറങ്ങളും സ്‌ക്രീനില്‍ പുനഃസൃഷ്ടിക്കാന്‍ കഴിയുന്ന RGB 4കെ ലേസര്‍ പ്രൊജക്ടറുകളാണു മൂന്നു തിയേറ്ററുകളിലും ഒരുക്കിയിട്ടുള്ളത്. മുന്‍പുണ്ടായിരുന്ന സെനോണ്‍ ലാമ്പ് പ്രൊജക്ടറുകളെക്കാള്‍ മികച്ച ദൃശ്യാനുഭവം നല്‍കാന്‍ പുതിയ സംവിധാനത്തിനു കഴിയും. കുറഞ്ഞ വൈദ്യുതി ഉപഭോഗവും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നതും പ്രത്യേകതയാണ്.

ഡോള്‍ബിയുമായി സഹകരിച്ചു അത്യാധുനിക സിനിമാ ഓഡിയോ സെര്‍വറായ IMS 3000 സെര്‍വറുകള്‍ മൂന്നു തിയേറ്ററുകളിലും സ്ഥാപിച്ചിട്ടുണ്ട്. ലേസര്‍ പ്രോജക്ടുകള്‍ക്ക് അനുയോജ്യമായ ഹൈ വൈറ്റ്, സില്‍വര്‍ സ്‌ക്രീനുകളാണു തിയേറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ട്രിപ്പിള്‍ ബീം 3ഡി യൂണിറ്റും ഒരുക്കിയിരിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളിലേതിനു സമാനമായി മാതൃസൗഹൃദമാകാന്‍ പ്രത്യേക ബേബി റൂമുകളും ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുമൊത്തു സിനിമാ ആസ്വാദനം സാധ്യമാകുമെന്നതാണ് പ്രത്യേകത. കേരളത്തില്‍ ആദ്യമായാണ് ഈ സംവിധാനം. കൂടാതെ തിയേറ്റര്‍ ലോബിയില്‍ പ്രത്യേക ഫീഡിങ് റൂമും ഒരുക്കിയിരിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യവും തയാറാക്കിയിരിക്കുന്നു.

Related Articles

Back to top button