KeralaLatest

ഫിന്‍ലന്‍ഡ് ഏറ്റവും സന്തുഷ്ട രാജ്യം

“Manju”

ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുളള രാജ്യം എന്ന നേട്ടം ഇത്തവണയും കെെവിടാതെ ഫിന്‍ലാന്‍ഡ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഫിന്‍ലാന്‍ഡ് ഈ നേട്ടം കെെവരിക്കുന്നത്.
സന്തോഷത്തിന്റെ കാര്യത്തില്‍ ഇത്തവണയും അഫ്ഗാനിസ്ഥാന്‍ ഏറ്റവും പിന്നിലാണ്. പട്ടികയിലെ ഇന്ത്യയുടെ സ്ഥാനവും ഒട്ടും സന്തോഷിക്കാന്‍ വകയുളളതല്ല. പട്ടികയുടെ പിന്നില്‍ നിന്നും പത്താം സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. യുഎന്‍ പിന്തുണയോടെയുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇത്തവണയും ഡെന്‍മാര്‍ക്കാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, നെതര്‍ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍, ലക്സംബര്‍ഗ്, ന്യൂസിലാന്‍ഡ്, ഓസ്ട്രിയ എന്നിവരാണ് തൊട്ടുപിന്നിലുളളത്. ലോകത്തെ ഏറ്റവും സന്തോഷമുള്ള ആദ്യ പത്ത് രാജ്യങ്ങളാണ് ഇവ. പട്ടിക പ്രകാരം സെര്‍ബിയ, ബള്‍ഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങള്‍ ക്ഷേമത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതിയാണ് കെെവരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയില്‍ ലെബനന്‍, വെനസ്വേല എന്നീ രാജ്യങ്ങളിലാണ് ഏറ്റവും വലിയ വീഴ്ച ഉണ്ടായിരിക്കുന്നത്.
പട്ടികയില്‍ 136ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2021ല്‍ 139ായിരുന്നു ഇന്ത്യയുടെ റാങ്ക്. 103ാം റാങ്കുമായി പാകിസ്ഥാനും 99ാം റാങ്ക് നേടി ബംഗ്ലാദേശും ഇത്തവണയും ഇന്ത്യയ്ക്ക് മുന്നില്‍ ഇടംപിടിച്ചു. ചെെന 82, നേപ്പാള്‍ 85, ശ്രീലങ്ക126 എന്നിങ്ങനെയാണ് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുടെ റാങ്കുകള്‍. ആകെ146 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പട്ടിക തയ്യാറാക്കാന്‍ ഗവേഷകര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യങ്ങളില്‍ നിന്ന് സമഗ്രമായ ഗാലപ്പ് പോളിംഗ് ഡാറ്റ വിശകലനം ചെയ്യുകയാണ് പതിവ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം, സാമൂഹിക പിന്തുണ, ആയുര്‍ദൈര്‍ഘ്യം, വ്യക്തി സ്വാതന്ത്ര്യം, അഴിമതി എന്നിവയെല്ലാം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്.
സാമ്ബത്തിക തകര്‍ച്ച നേരിടുന്ന ലെബനന്‍, 146 രാജ്യങ്ങളുടെ സൂചികയില്‍ 121ാം സ്ഥാനത്തേക്ക് എത്തി. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനില്‍, കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരമേറ്റതിനുശേഷം കടുത്ത മാനുഷിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നതെന്ന് പട്ടികയില്‍ വ്യക്തമാണ്. സിംബാബ്വെ, ബോട്സ്വാന, റുവാണ്ട്, ലെസേത്തൊ തുടങ്ങിയ രാജ്യങ്ങളും സന്തോഷ സൂചികയില്‍ പിന്നിലാണ്.
കൊവിഡ് -19 മഹാമാരിക്ക് മുമ്ബും ശേഷവുമുളള ആളുകളുടെ വികാരങ്ങള്‍ താരതമ്യം ചെയ്യാന്‍ ഗവേഷകര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചു. 18 രാജ്യങ്ങളില്‍ ആളുകള്‍ക്കിടയില്‍ ഉത്കണ്ഠയും ദുഃഖവും വര്‍ദ്ധിച്ചിട്ടുളളതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ കൊവിഡ് 19 എല്ലാവരേയും ബാധിച്ചെങ്കിലും ആളുകള്‍ക്ക് പരസ്പരമുള്ള ഐക്യവും സഹോദര മനോഭാവവും കൂടിയെന്നും പട്ടിക വിശദമാക്കുന്നു.

Related Articles

Back to top button