IndiaLatest

ഭഗവത് ഗീത വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

“Manju”

അഹമ്മദാബാദ് : ആറുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍ക്കൊള്ളിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജിതു വഘാനി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2022-23 അക്കാദമിക് വര്‍ഷം മുതലുള്ള പാഠ്യ പദ്ധതിയില്‍ ഗീത ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഭഗവത് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും രാജ്യത്തിന്റെ പ്രാചീനവും ആധുനികവുമായ സംസ്‌കാരവും പാരമ്പര്യവും വിദ്യാര്‍ത്ഥികളിലെത്തിക്കാനാണ് പാഠ്യപദ്ധതിയില്‍ ഗീത ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഗീതയിലെ തത്വങ്ങളും മൂല്യങ്ങളും എല്ലാ മതവിഭാഗക്കാരും അംഗീകരിച്ചതാണെന്നും മന്ത്രി അറിയിച്ചു.

സര്‍വാംഗി ശിക്ഷന്‍ എന്ന പാഠപുസ്തകത്തിലായിരിക്കും ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ ഗീത പഠിപ്പിക്കുക. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഭാഷ പാഠപുസ്തകത്തിലും ഗീതയിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. മഹാത്മാ ഗാന്ധിയും വിനോബ ഭാവയും ഗീതയെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങളും പ്രധാന വിഷയത്തില്‍ ഉള്‍പ്പെടുത്തും. പരീക്ഷ ചോദ്യപേപ്പറിലും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.
ഗീതയിലെ പ്രാര്‍ത്ഥനകള്‍, ശ്ലോക പാരായണം, നാടകം, ചോദ്യോത്തര മത്സരങ്ങള്‍, ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗുജറാത്ത് സര്‍ക്കാറിന് പിന്നാലെ കര്‍ണ്ണാടക സര്‍ക്കാരും വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠ്യ പദ്ധതിയില്‍ ഗീത ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. മോറല്‍ സയന്‍സിന് കീഴിലായിരിക്കും ഗീതയെ ഉള്‍പ്പെടുത്തുക. ഇതിനായി സിലബസ് തയ്യാറാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button