InternationalLatest

മോദിയുടെ നയത്തെ വാഴ്ത്തി ഇമ്രാന്‍

“Manju”

ഇസ്‌ലാമാബാദ്: ഉക്രൈന് – റഷ്യ പ്രതിസന്ധി പരിഹരിക്കപ്പെടാതെ നില്‍ക്കുന്ന സാഹചര്യത്തിലും, റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യയെയും ഇന്ത്യന്‍ നയത്തെയും പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. അവസരം കിട്ടുമ്പോഴെല്ലാം ഇന്ത്യക്കെതിരെ ശബ്ദിക്കാന്‍ വാ തുറക്കുന്ന ഇമ്രാന്‍ ഖാന്‍ എന്തുകൊണ്ടാണ് ഇത്തവണ ഇന്ത്യയെ പുകഴ്ത്തിയതെന്ന സംശയം പലര്‍ക്കും തോന്നിയിട്ടുണ്ടാകാം. അതും തന്റെ സര്‍ക്കാര്‍ അസ്തിത്വ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍.

ഇന്ത്യയുടേത് ‘സ്വതന്ത്ര വിദേശനയ’മാണന്നും അതിനെ പ്രശംസിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് പാകിസ്ഥാനില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് ഖാന്‍ പറഞ്ഞത്. ‘ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന്, അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അവഗണിച്ച്‌ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. കാരണം, അവരുടെ ലക്ഷ്യം ജനങ്ങളുടെ പുരോഗതിയാണ്. അതിന് വേണ്ടിയാണ് അവര്‍ അങ്ങനെയൊരു നയം സ്വീകരിച്ചത്’, ഇങ്ങനെയായിരുന്നു തന്റെ തട്ടകത്തില്‍ നിന്നുകൊണ്ട് ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്.
നവാസ് ഷെരീഫ്, മുതല്‍ ഇമ്രാന്‍ ഖാന്‍ വരെയുള്ളവര്‍ സമീപകാലത്ത് ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണ്. പലതവണയായി ഇന്ത്യയ്ക്കനുകൂലമായ ചില പ്രസ്താവനകള്‍ ബേനസീര്‍ ഭൂട്ടോ, യൂസഫ് റാസ ഗിലാനി, നവാസ് ഷെരീഫ് തുടങ്ങിയവരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പാകിസ്ഥാന്‍ സൈന്യവുമായുള്ള സമവാക്യം വഷളായപ്പോള്‍ ഇവര്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രശംസിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍, മോദി സര്‍ക്കാര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങാതെയും, റഷ്യ-ഉക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇടനില നിന്ന് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന് ബോധോദയം ഉണ്ടായതെന്ന് വേണം കരുതാന്‍. ഉക്രൈന്‍ – റഷ്യ പ്രതിസന്ധിയില്‍ ഒരേസമയം, ഒരു സൗഹൃദ രാഷ്ട്രം സ്വീകരിക്കേണ്ട നിലപാടും സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കായി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ എണ്ണ വിഷയത്തില്‍ ധീരമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഇന്ത്യയുടെ നയമാണ് ഇമ്രാന്‍ ഖാന്റെ കണ്ണ് തുറപ്പിച്ചത്. ഈ രണ്ട് നിലപാടും മൂലം ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിന് അനുകൂലമായ ഒരു വികാരം ഉടലെടുത്തുവെന്ന് ഇമ്രാന്‍ ഖാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ നിഷ്പക്ഷത പിന്തുടരാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറാകുമോയെന്നാണ് പാക് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

Related Articles

Back to top button