KeralaLatestTech

നമ്പര്‍ സേവ് ചെയ്യാതെയും വാട്സാപ്പില്‍ മെസേജ് അയക്കാം

“Manju”

 

കുടുംബത്തോടും സുഹൃത്തുക്കളോടും നിരന്തരം ആശയവിനിമയം നടത്താൻ നാം ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. എന്നാല്‍ അവരോടൊക്കെ ഒപ്പമുള്ള നിമിഷങ്ങള്‍ നമുക്ക് പരിചയമില്ലാത്തൊരാള്‍ നിരന്തരമായി കണ്ടു കൊണ്ടിരുന്നാല്‍ എന്ത് തോന്നും? എന്നാല്‍ അങ്ങനെ സ്ഥിരം സംഭവിക്കാറുണ്ട്. പക്ഷെ അത് നമ്മള്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. എങ്ങനെയെന്നല്ലേ? നമ്മുടെ ഫോണിലെ കോണ്ടാക്ടുള്‍ നോക്കിയാല്‍ അറിയാം താത്കാലിക ആവശ്യങ്ങള്‍ക്കായി സേവ് ചെയ്തിട്ട് പിന്നീട് ഡിലീറ്റ് ചെയ്യാന്‍ മറന്നു പോയ ഒരുപാട് ആള്‍ക്കാരുടെ നമ്ബരുകള്‍. ഇവരെല്ലാം നമ്മുടെ സ്റ്റാറ്റസുകളും പ്രൊഫൈലിലെ ഡിസ്പ്ലെ പിക്ചറുമൊക്കെ (ഡിപി) സ്ഥിരം കാണുന്നവരായിരിക്കാം.

വാട്സാപ്പില്‍ ഒരാള്‍ക്ക് സന്ദേശം അയയ്ക്കണമെങ്കില്‍ അയാളുടെ നമ്ബര്‍ നമ്മുടെ ഫോണില്‍ സേവ് ചെയ്യണം. എന്തെങ്കിലും താത്കാലിക ആവശ്യത്തിനായി പരിചയമില്ലാത്ത ഒരാള്‍ക്ക് വാട്സാപ്പിലൂടെ ഫോട്ടോയോ ഫയലോ കൈമാറണമെങ്കിലും അയാളുടെ നമ്ബര്‍ സേവ് ചെയ്യാതെ അയക്കാനാവില്ല. അങ്ങനെ സേവ് ചെയ്യുന്ന നമ്ബരുകള്‍ നമ്മള്‍ പിന്നീട് ഡിലീറ്റ് ചെയ്യാറുമില്ല. ഇത് ചിലപ്പോഴെങ്കിലും പ്രശനങ്ങള്‍ സൃഷ്ടിച്ചെന്നു വരാം. നമ്മുടെ കുടുംബത്തിന്റെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോട്ടോയോ വീഡിയോയോ സ്റ്റാറ്റസ് ആക്കുന്ന സമയത്ത് പരിചയമില്ലാത്ത ഇത്തരക്കാര്‍ക്കും അത് കാണാനാകും. ഇവരില്‍ പ്രശ്നക്കാരുണ്ടെങ്കില്‍ ആ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അതിനാല്‍ തന്നെ അപരിചിതരുടെ നമ്ബരുകള്‍ സേവ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. പക്ഷെ അത്യാവശ്യ ഘട്ടങ്ങളില്‍ സേവ് ചെയ്‌തേ പറ്റു. അത് പിന്നീട് ഓര്‍ത്തു വെച്ച്‌ ഡിലീറ്റ് ചെയ്യുന്ന കാര്യമോര്‍ത്ത് ഇനി പേടിക്കേണ്ട. ഒരാളുടെ നമ്ബര്‍ സേവ് ചെയ്യാതെ തന്നെ അയാള്‍ക്ക് വാട്സാപ്പ് വഴി ഫയലുകളയക്കാന്‍ സാധിക്കുന്ന ഒരു സിമ്ബിള്‍ ട്രിക്ക് പരിചയപ്പെടാം. വാട്സാപ്പില്‍ ഇതിനായുള്ള സെറ്റിംഗ്സ് ഒന്നുമില്ല. പക്ഷെ അത് സാധ്യമാക്കാനാകുന്ന വഴിയുണ്ട്. വളരെ ലളിതവും ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ടു ചെയ്തു തീര്‍ക്കാനുമാകുന്ന ഈ വഴി ഓര്‍ത്തു വയ്ക്കുന്നത് ഭാവിയില്‍ ഉപകാരപ്പെടും. ഇതിനായി വാട്സാപ്പിന്റെ തന്നെ ഔദ്യോഗികമായ ഒരു ലിങ്ക് നിലവിലുണ്ട്. അതിനെ പറ്റി കൂടുതല്‍ പേര്‍ക്കും അറിവില്ല. ഈ ലിങ്ക് വഴി എങ്ങനെയാണ് നമ്ബര്‍ സേവ് ചെയ്യാതെ ഒരാള്‍ക്ക് മെസേജ് അയയ്ക്കുന്നതെന്ന് നോക്കാം.

ആദ്യമായി നിങ്ങളുടെ വെബ് ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുക. മിക്ക ആള്‍ക്കാരും ഉപയോഗിക്കുന്നത് ഗൂഗിള്‍ ക്രോമാണ്. അതിനു ശേഷം സെര്‍ച്ച്‌ ചെയ്യാനുള്ള ഭാഗത്ത് https://wa.me/phonenumber എന്ന് ടൈപ്പ് ചെയ്യുക. ഇവിടെ ഫോണ്‍ നമ്ബരിന്റെ സ്ഥാനത്ത് ഏത് വ്യക്തിക്കാണോ ഫയല്‍ കൈമാറേണ്ടത് അയാളുടെ വാട്സാപ്പ് നമ്ബര്‍ ആണ് കൊടുക്കേണ്ടത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു പച്ച ബോക്സ് തെളിയും. അതില്‍ കണ്ടിന്യു ടു ചാറ്റ് എന്ന ഓപ്ഷന്‍ കാണാനാകും. അതില്‍ ടച്ച്‌ ചെയ്താല്‍ നിങ്ങളുടെ സ്‌ക്രീനില്‍ ആ വ്യക്തിയുമായുള്ള ചാറ്റ് ബോക്സ് തുറക്കും. ഇവിടെ നിങ്ങള്‍ക്ക് അയാളുടെ നമ്ബരിലേക്ക് ഫയലോ ടെക്സ്‌റ്റോ ഒക്കെ അയയ്ക്കാവുന്നതാണ്. ഈ ചെറിയ ട്രിക്ക് ഓര്‍ത്തു വയ്ക്കുന്നത് ഭാവിയില്‍ അപരിചിതര്‍ക്ക് സന്ദേശമയക്കുന്ന സമയത്ത് ഉപകാരപ്പെടും. പിന്നെ നിങ്ങളുടെ സ്റ്റാറ്റസ് പരിചയമില്ലാത്തവര്‍ കാണില്ല. സ്റ്റാറ്റസ് ആര്‍ക്കൊക്കെ കാണാനാവുമെന്ന് നമുക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റ് സെറ്റിംഗ്സുകളും വാട്സാപ്പില്‍ ലഭ്യമാണ്.

Related Articles

Back to top button