KeralaLatest

ബസ് ചാർജ് 10 രൂപ; ഓട്ടോയ്‌ക്ക് മിനിമം കൂലി 30; ടാക്‌സി ചാർജ്ജിലും വർദ്ധന; വിദ്യാർത്ഥി കൺസെഷനിൽ മാറ്റമില്ല

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ഓട്ടോയ്‌ക്ക് മിനിമം ചാർജ് 30 രൂപയാക്കാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കമ്മീഷനെ നിയോഗിച്ച് വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർധിപ്പിക്കുന്നതിൽ പരിശോധന നടത്തും. ശേഷം മാത്രമേ കൺസെഷൻ വർധനയിൽ തീരുമാനമുണ്ടാകൂവെന്ന് ആന്റണി രാജു അറിയിച്ചു.

ബസ് യാത്ര നിരക്കിൽ മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപയാകും ഈടാക്കുക. ഓട്ടോയ്‌ക്ക് മിനിമം ചാർജ് വർധിപ്പിച്ചെങ്കിലും വെയ്റ്റിംഗ് ചാർജിന് മാറ്റമില്ല. മിനിമം കൂലി 30 രൂപയാക്കുമ്പോൾ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. 30 രൂപയ്‌ക്ക് രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

1500 സിസിക്ക് താഴെയുള്ള ടാക്‌സി കാറുകൾക്ക് അഞ്ച് കിലോമീറ്റർ വരെ 175 രൂപയായിരുന്നു നിരക്ക്. ഇത് 200 രൂപയായി വർധിപ്പിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സിക്ക് 200 രൂപയിൽ നിന്നും മിനിമം ചാർഡ് 225 രൂപയായും ഉയർത്തി. ചാർജ് വർധനവ് സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കണമെന്നത് പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ സർക്കാർ തീരുമാനത്തിൽ ബസുടമകൾ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button