Kerala

കെ-റെയിൽ കല്ലിട്ടതിനാൽ ലോൺ തടയാൻ ബാങ്കുകൾക്ക് അനുമതിയില്ല

“Manju”

തിരുവനന്തപുരം: കെ-റെയിൽ കല്ലിട്ടതിനാൽ ലോൺ തടയാൻ ബാങ്കുകൾക്ക് അനുമതിയില്ലെന്നാവർത്തിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ. കാര്യങ്ങൾ തീരുമാനിക്കേണ്ടത് ബാങ്കേഴ്‌സ് സമിതിയാണ്. കല്ലിട്ടുവെന്ന് കരുതി ഭൂമി ഏറ്റെടുക്കലാവില്ല. ജനങ്ങളെ ഭയപ്പെടുത്താൻ ബാങ്കുകൾ കൂടി തയ്യാറാവരുതെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതിരടയാള കല്ല് സ്ഥാപിച്ചെന്ന് കരുതി ആ സ്ഥലത്തിന് ലോൺ ലഭിക്കുകയില്ലെന്നത് തെറ്റായ പ്രചരണമാണ്. കല്ലിട്ട സ്ഥലം ഈടുവെച്ച് ബാങ്കിൽ നിന്നും വായ്പയെടുക്കുന്നതിൽ തടസമില്ലെന്ന് കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

പത്തനംതിട്ടയിൽ സിൽവർ ലൈൻ പദ്ധതിക്കായി സർവേ നടത്തിയ ഭൂമി ഉൾപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കുന്നന്താനം സ്വദേശിക്ക് ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്ന് ധനമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ സർക്കാർ ഇടപെടുമെന്നും ബാങ്കേഴ്‌സ് സമിതിയുമായി ചർച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. കെ-റെയിൽ കല്ലിട്ട പ്രദേശങ്ങളിൽ വായ്പ നിഷേധിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചാൽ ബാങ്കുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രതികരണം.

അതേസമയം നിരവധി പേർ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് വിവരം. കെ റെയിൽ പ്രദേശത്താണെന്ന് തിരിച്ചറിഞ്ഞാൽ മറ്റ് കാരണങ്ങൾ നിരത്തി ബാങ്കുകൾ വായ്പ നിഷേധിക്കുകയാണെന്ന പരാതിയും വ്യാപകമാകുന്നുണ്ട്.

Related Articles

Back to top button