InternationalLatestTech

ഉരുകിത്തിളച്ച്‌ ഒറിയോണ്‍

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായിരുന്നു ഒറിയോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തിയത്.

“Manju”

തിരുവനന്തപുരം :  ഭൗമാന്തരീക്ഷത്തിലേക്ക് 40,000 കിലോമീറ്റര്‍ വേഗത്തിലുള്ള റീഎന്‍ട്രിയില്‍ പുറംചട്ട ഉരുകിത്തിളച്ചെങ്കിലും ഒറിയോണ്‍ സുരക്ഷിതമായി പസഫിക്കിലിറങ്ങിഅന്തരീക്ഷവുമായുള്ള ഉരസലില്‍ താപനില 2800 ഡിഗ്രി സെല്‍ഷ്യസായതോടെ അല്‍പ്പനേരം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഇത്രയധികം ചൂടില്‍ പേടകം അന്തരീക്ഷത്തിലേക്ക് കടക്കുന്നത് ആദ്യമെന്നും നാസ. പ്രത്യേകം രൂപകല്‍പ്പന ചെയ്ത 1300 ടൈലാണ് ഒറിയോണിന് താപകവചമായത്. ദീര്‍ഘദൂര ബഹിരാകാശ ദൗത്യപേടകങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള ശേഷിയും ഇവയ്ക്കുണ്ട്.

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായിരുന്നു ഒറിയോണ്‍ പരീക്ഷണപ്പറക്കല്‍. 25 ദിവസത്തെ സങ്കീര്‍ണ യാത്രയ്ക്കൊടുവില്‍ ഞായര്‍ രാത്രി 11.10 നാണ് പേടകം കലിഫോര്‍ണിയക്കടുത്ത് കടലില്‍ പതിച്ചത്. അവസാനത്തെ മനുഷ്യദൗത്യമായ അപ്പോളോ 17, ചന്ദ്രനില്‍ ഇറങ്ങിയതിന്റെ അമ്ബതാം വാര്‍ഷിക ദിനത്തിലായിരുന്നു ഇത്. രണ്ടു മണിക്കൂറിനുശേഷം അമേരിക്കന്‍ നാവികസേന, പേടകം പോര്‍ട്ട്ലാന്‍ഡ് നാവികസേനാ കപ്പലിലെത്തിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെത്തിക്കും. തുടര്‍ന്ന് പേടകത്തെ ശാസ്ത്രീയ പഠനവിധേയമാക്കും.

നവംബര്‍ 16ന് വിക്ഷേപിച്ച ഒറിയോണ്‍ 22ന് ചന്ദ്രപഥത്തിലും ചന്ദ്രന്റെ 130 കിലോമീറ്റര്‍ അടുത്തുവരെയുമെത്തി. സൂക്ഷ്മ വിവരങ്ങളും ആയിരക്കണക്കിന് ചിത്രങ്ങളും വീഡിയോകളും ഭൂമിയിലേക്ക് അയച്ചു. മനുഷ്യന് സുരക്ഷിതമായി ഇറങ്ങാന്‍ കഴിയുന്ന ദക്ഷിണ ധ്രുവമേഖലകളുടെ ഡാറ്റയാണ് പ്രധാനം. മനുഷ്യന് പകരം മൂന്ന് ഡമ്മിയെ ഉപയോഗിച്ചുള്ള ദൗത്യത്തില്‍ നൂറുകണക്കിന് പരീക്ഷണങ്ങള്‍ നടത്തി. റേഡിയേഷന്‍, ശബ്ദസംവിധാനം, ആശയവിനിമയം, നാവിഗേഷന്‍ എന്നിവയും സുരക്ഷാ സംവിധാന പരിശോധനകളും നടന്നു.

ഡിസംബര്‍ ഒന്നിന് മടക്കയാത്ര തുടങ്ങിയ പേടകം അഞ്ചിന് ചന്ദ്രന്റെ ആകര്‍ഷണവലയം ഭേദിച്ച്‌ പുറത്തെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്ബ് സര്‍വീസ് മോഡ്യൂള്‍ വേര്‍പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെയാണ് പസഫിക് സമുദ്രം ലക്ഷ്യമാക്കി അവസാനനിമിഷം പേടകം യാത്ര ചെയ്തത്. അവസാന പത്ത് മിനിറ്റില്‍ പാരച്യൂട്ടുകള്‍ ഉപയോഗിച്ച്‌ ഭൂമിയിലേക്കുള്ള വേഗം നിയന്ത്രിച്ചു.
ചന്ദ്രനില്‍ കോളനികള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ആര്‍ട്ടിമിസ് ദൗത്യം. രണ്ടാം ദൗത്യത്തില്‍ നാലുപേര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി മടങ്ങും. മൂന്നാം ദൗത്യത്തില്‍ ദക്ഷിണധ്രുവത്തില്‍ ആളെ ഇറക്കും.

Related Articles

Back to top button